
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംസ്ഥാനത്തെ മെഡിക്കൽ പിജി വിദ്യാർത്ഥികൾ. തങ്ങളോട് കാട്ടുന്നത് കടുത്ത ചൂഷണമാണെന്ന് കുറ്റപ്പെടുത്തിയാണ് കേരള മെഡിക്കൽ പിജി അസോസിയേഷൻ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒഴിവുകൾ നികത്താതെ സ്പെഷ്യലിസ്റ്റുകൾ എന്ന പേരിൽ തങ്ങളെ നിയമിച്ച് ചൂഷണം ചെയ്യുകയാണ് സർക്കാർ എന്ന് ഇവർ ആരോപിക്കുന്നു.
'കഴിഞ്ഞ രണ്ട് വർഷവും സംസ്ഥാനം കടുത്ത പ്രതിസന്ധി ഘട്ടത്തെ നേരിട്ടപ്പോൾ സ്പെഷാലിറ്റി പരിശീലന കാലം മുഴുവൻ ഇതിന് വേണ്ടി സമർപ്പിച്ചവരാണ് ഞങ്ങൾ. നീറ്റ് പിജി കൗൺസിലിങ് തുടങ്ങാത്തതിനാൽ രണ്ട് പിജി ബാച്ചുകൾ മാത്രമാണ് ഇപ്പോഴുള്ളത്. അതിനാൽ തന്നെ അധികപ്പണിയാണ് ഓരോ ദിവസവും ഞങ്ങൾ ചെയ്യുന്നത്. മതിയായ പിജി യോഗ്യതകളുള്ള ഡോക്ടർമാരെ ശബരിമല ഡ്യൂട്ടിക്ക് നിയമിക്കാതെ പിജി വിദ്യാർത്ഥികളെ നിയമിച്ച് ഗിമ്മിക്ക് കാട്ടുകയാണ് അധികാരികൾ,'- എന്ന് കേരള മെഡിക്കൽ പിജി അസോസിയേഷൻ ഭാരവാഹികളായ ഡോ അതുൽ അശോക്, ഡോ ആർ നവീൻ എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും കൊവിഡ് വ്യാപനവും ശബരിമല തീർത്ഥാടനത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പകർച്ച വ്യാധികൾക്ക് സാധ്യത വളരെ കൂടുതലാണ് ഇത്തവണയെന്നാണ് വിലയിരുത്തൽ. ഈ ഘട്ടത്തിൽ ഡോക്ടർമാരുടെ നിസ്സഹകരണ നീക്കം സർക്കാരിന് വെല്ലുവിളിയാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam