Petrol Diesel Price | 'ഉത്തരം ലളിതമാണ്'; ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതികരിച്ച് മന്ത്രി പി രാജീവ്

By Web TeamFirst Published Nov 5, 2021, 1:19 PM IST
Highlights

സംസ്ഥാനത്തിന്‍റെ നികുതി ഇനിയും കുറയണമെങ്കിലും  കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിന്‍റെ പൊതു ആവശ്യവും കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം

തിരുവനന്തപുരം: കേന്ദ്രം എക്സൈസ് ഡ്യൂട്ടികുറച്ച് ഇന്ധന വിലയില്‍ കുറവ് വരുത്തിയ രീതിയില്‍ സംസ്ഥാനം വില്‍പ്പന നികുതി കുറച്ച് ആശ്വാസം നല്‍കണമെന്ന വാദം ശക്തമാണ്. എന്നാല്‍ ഇന്ധന നികുതിയില്‍ കുറവ് വരുത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇത് വ്യക്തമാക്കുകയും ചെയ്തതാണ്. ഇപ്പോള്‍ ഇതാ ബാലഗോപാലിന്‍റെ നിലപാടിനെ പിന്തുണച്ച് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് രംഗത്ത് എത്തിയിരിക്കുന്നു.

കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല - സംസ്ഥാനം ഇന്ധന വില കുറയ്ക്കാത്തത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റില്‍ സംസ്ഥാന മന്ത്രി പി രാജീവ് പറയുന്നു.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന് ഭരിക്കുന്നവർക്ക് പോലും നിശ്ചയമില്ലാത്ത വിധം കൂട്ടികൊണ്ട് മാത്രമിരുന്നവരാണ് ഇപ്പോൾ ഒരു കുറവ് വരുത്തിയത്. ഇനിയും വില കുറയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള വഴിയും കൂട്ടിയവർ കൂട്ടിയത് കുറയ്ക്കുകയെന്നതാണ്. അല്ലാതെ ഒരിക്കലും കൂട്ടാത്തവർ കുറയ്ക്കുക എന്നതല്ല. 

അപ്പോൾ ഉമ്മൻ ചാണ്ടി കുറച്ചിരുന്നില്ലേ എന്ന് ചിലർ ചോദിക്കും. അതു ശരിയാണ്. മൂന്നു തവണ അദ്ദേഹത്തിൻ്റെ സർക്കാർ നികുതി കുറച്ചിട്ടുണ്ട്. പക്ഷേ 13 തവണ വർദ്ധിപ്പിച്ച ഉമ്മൻ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചത്! എന്നാൽ, ഒരു തവണ പോലും നികുതി വർദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സർക്കാർ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. 

കേന്ദ്രം കുറയ്ക്കുമ്പോൾ മൊത്തം വിലയിൽ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിന്‍റെ നികുതി ഇനിയും കുറയണമെങ്കിലും  കേന്ദ്ര നികുതി നിരക്ക് കുറച്ചാൽ മതി. അതു തന്നെയാണ് നാടിന്‍റെ പൊതു ആവശ്യവും കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക. അതിനായി നാട് ഒറ്റക്കെട്ടായി ശബ്ദമുയർത്തണം.

 

അതേ സമയം സംസ്ഥാന ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത് എത്തി. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ലെന്നാണ് ധനമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ. കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്. 

കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുന്നുവെന്നാണ് ബാലഗോപാലിന്റെ വാദം. സ്പെഷ്യൽ നികുതിയുടെ പേരിൽ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെര‍ഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടുന്നു. 

2018ൽ ക്രൂഡിന്റെ വില 80.08 ആയിരുന്നു അപ്പോൾ കേന്ദ്ര നികുതി 17.98 രൂപ. പക്ഷേ ക്രൂഡിന്റെ വില മൂന്നിലൊന്നായികുറഞ്ഞപ്പോൾ കേന്ദ്രം നികുതി കൂട്ടി. പക്ഷേ കഴിഞ്ഞ ആറ് വർഷക്കാലവും കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല. ഒരു തവണ പിണറായി സർക്കാർ ഇന്ധന നികുതി 
കുറക്കുകയും ചെയ്തെന്ന് ബാലഗോപാൽ പറയുന്നു. 

സംസ്ഥാനം കൊവിഡ് കാലത്ത് നിരവധി പാക്കേജ് നൽകി, അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികൾ നടപ്പാക്കുന്നുണ്ട്, പക്ഷേ ഇതിനൊന്നും അർഹമായ വിഹിതം കേന്ദ്രം നൽകുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങൾക്ക് നൽകേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അർത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു. 

കേരളത്തിന്‍റെ നികുതി ഘടന കുറവാണെന്നാണ് ബാലഗോപാലിന്റെ വാദം. സംസ്ഥാന നികുതി കുറയ്ക്കണമെന്ന യുഡിഎഫ് വാദത്തെ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ നികുതി കണക്കുകൾ വച്ചാണ് ബാലഗോപാൽ നേരിടുന്നത്. ഉമ്മൻചാണ്ടി സർക്കാർ പതിമൂന്ന് തവണ നികുതി കൂട്ടിയെന്നാണ് ഇടത് ധനമന്ത്രി പറയുന്നത്. നാല് തവണ മാത്രമാണ് യുഡിഎഫ് നികുതി കുറച്ചതെന്നും ബാലഗോപാൽ കണക്ക് നിരത്തി പറയുന്നു. 

click me!