കേരളത്തിന്റെ സാന്ത്വന മാതൃക: പ്രതിഫലമില്ലാതെ ഒരു ലക്ഷത്തിലേറെ പേർ കൈകോർത്ത പാലിയേറ്റീവ് കെയർ പദ്ധതി; റിയൽ കേരള സ്റ്റോറി

Published : Mar 07, 2026, 05:36 PM IST
Kerala Palliative Care

Synopsis

ലോകത്തിന് തന്നെ മാതൃകയായ, വികേന്ദ്രീകൃത കമ്മ്യൂണിറ്റി ബേസ്ഡ് ഹോം കെയർ രീതിയാണ് കേരളത്തിലെ പാലിയേറ്റീവ് കെയർ പദ്ധതി. സർക്കാർ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെയും ഒരു ലക്ഷത്തിലേറെ വരുന്ന വളണ്ടിയർമാരുടെയും സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയുടെ കരുത്ത് മലയാളിയുടെ സഹജീവി സ്നേഹമാണ്. ഇന്ന് നാല് ലക്ഷത്തോളം രോഗികൾക്ക് ഈ പദ്ധതിയിലൂടെ ആശ്വാസം ലഭിക്കുന്നു.

തിരുവനന്തപുരം: നാട്ടിലൊരു പ്രശ്നമുണ്ടായാൽ, അയൽവീട്ടിലൊരാൾക്ക് വയ്യാതായാൽ, ഒരു അപകടമുണ്ടായാൽ മൊബൈൽ ക്യാമറ തുറക്കുന്നവരല്ല മലയാളികളെന്ന് ഇതിനോടകം വ്യക്തമായിട്ടുള്ളതാണ്. അതിനാൽ തന്നെയാണ് രോഗപീഡകൾ അനുഭവിച്ച് വീട്ടകങ്ങളിൽ തളച്ചിടപ്പെട്ട ലക്ഷക്കണക്കിന് വരുന്ന രോഗികൾക്കും കുടുംബങ്ങൾക്കും താങ്ങാവുന്ന പാലിയേറ്റീവ് കെയർ പദ്ധതി കേരളത്തിൽ വിജയിച്ചതും. ആരോഗ്യ പരിപാലന രംഗത്ത് ലോകത്ത് മറ്റൊരു നാടിനും നടപ്പിലാക്കി വിജയിപ്പിക്കാൻ കഴിയുമോയെന്ന് ചിന്തിപ്പിക്കുന്ന അതിബൃഹത്തായ, വികേന്ദ്രീകൃത കമ്മ്യൂണിറ്റി ബേസ്ഡ് ഹോം കെയർ രീതിയാണ് പാലിയേറ്റീവ് കെയർ രംഗത്തെ കേരള മോഡൽ. അവശരായ രോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന ഈ സംവിധാനം ഇന്ന് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കീഴിൽ, സന്നദ്ധ സംഘടകളുടെയും സ്വകാര്യ ആശുപത്രികളുടെയും വളണ്ടിയർമാരുടെയും സഹായത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ നേതൃത്വം വഹിക്കുന്നത് സർക്കാരാണെങ്കിലും മലയാളിയുടെ സഹജീവി സ്നേഹമാണ് ഈ പദ്ധതിയുടെ കരുത്തും അടിത്തറയും.

സംസ്ഥാനത്ത് പാലിയേറ്റീവ് കെയർ പരിചരണത്തിന് ഒരു സംസ്ഥാന നയം രൂപീകരിച്ചത് 2008 ലാണ്. 2019 ലും 2023 ലുമായി ഇതിൽ ജനക്ഷേമം മുൻനിർത്തി വലിയ മാറ്റം വരുത്തി. കോവിഡിന് ശേഷം വീട്ടുപടി സേവനം ശക്തിപ്പെട്ടു. ഇന്ന് സംസ്ഥാനത്ത് 2000 ത്തോളം പാലിയേറ്റീവ് കെയർ യൂണിറ്റുകളാണ് കേരള കെയർ പദ്ധതിക്ക് കീഴിലുള്ളത്. ഒന്നര ലക്ഷത്തിലേറെ കിടപ്പുരോഗികളടക്കം നാല് ലക്ഷത്തോളം അവശരായ രോഗികൾക്ക് സഹായം നൽകുന്നു. 2000 നഴ്‌സുമാർക്ക് മാസം 24000 രൂപ വേതനത്തിൽ പദ്ധതി വഴി ജോലി ലഭ്യമായി. പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ലക്ഷത്തിലേറെ വളണ്ടിയർമാരാണ് പദ്ധതിയുടെ കരുത്ത്. രോഗികൾക്ക് മരുന്ന് സർക്കാർ ലഭ്യമാക്കുന്നു. കുടുംബത്തിന് പണം, ഭക്ഷണം, താമസസൗകര്യം, കിടക്ക, വസ്ത്രങ്ങൾ തുടങ്ങിയ മറ്റ് ആവശ്യങ്ങളും നിറവേറ്റപ്പെടുന്നുണ്ട്.

ഇംഗ്ലണ്ടിൽ 1967-ൽ ഉയർന്ന പാലിയേറ്റീവ് കെയർ എന്ന ആശയത്തിന് കൃത്യമായ രൂപവും ദിശാബോധവും നൽകിയത് കേരളമാണെന്ന് ആർദ്രം പാലിയേറ്റീവ് കെയർ മിഷൻ സംസ്ഥാന നോഡൽ ഓഫീസറായ ഡോ.മാത്യൂസ് നുമ്പള്ളി പറയുന്നു. 'കേരളത്തിൽ രോഗബാധിതരെ സഹായിക്കേണ്ട ഉത്തരവാദിത്തം തങ്ങൾക്ക് കൂടിയുണ്ടെന്ന് ജനത്തിന് ബോധ്യമുണ്ട്. അതിനാൽ തന്നെ പലയിടത്തായി സ്വന്തം നിലയിൽ പ്രവർത്തിച്ചിരുന്ന നൂറ് കണക്കിന് പാലിയേറ്റീവ് കെയർ സംഘങ്ങളെ കേരള കെയർ പദ്ധതിക്ക് കീഴിലെത്തിക്കാൻ സാധിച്ചത് നേട്ടമായി. ഇന്ന് രോഗികളുടെ രജിസ്ട്രേഷനും സമയാസമയങ്ങളിലെ പരിചരണവും കൃത്യമായി നടക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെമ്പാടും പാലിയേറ്റീവ് കെയർ പരിചരണം നൽകി വന്നിരുന്ന സന്നദ്ധ സംഘടനകളടക്കമുള്ളവരെ ഒരു കുടക്കീഴിൽ എത്തിച്ച് കൃത്യമായ മേൽനോട്ടത്തിലൂടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. സ്വകാര്യ ആശുപത്രികളും സന്നദ്ധ സംഘടനകളും സർക്കാരിൻ്റെ വിവിധ വകുപ്പുകളും അടക്കം ഉൾപ്പെടുത്തിയുള്ള ഗ്രിഡാണ് ഇതിൽ പ്രധാനപ്പെട്ടത്. സാമ്പത്തിക-സാമൂഹിക-വ്യക്തിപരമായ ബുദ്ധിമുട്ടുകൾക്ക് അതീതമായി ആവശ്യക്കാരായ എല്ലാവരിലേക്കും സഹായമെത്തിക്കുകയാണ് ലക്ഷ്യം. ഡോക്ടറെയും നഴ്‌സിനെയും വീടുകളിൽ എത്തിച്ച് ക്ലിനിക്കൽ സപ്പോർട്ട് നൽകുന്ന 500 ഓളം കൂട്ടായ്മകളും, രോഗികൾക്ക് വീൽചെയർ പോലെ സൈക്ലോ-സോഷ്യൽ സഹായമെത്തിക്കുന്ന 1200 ഓളം കൂട്ടായ്മകളും ഗ്രിഡിൻ്റെ ഭാഗമാണ്. ഒറ്റ മനസോടെയാണ് സർക്കാർ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും പ്രവർത്തിക്കുന്നത്. രോഗികൾക്ക് ഏറ്റവും അടുത്ത് ആരിൽ നിന്നാണോ സഹായം എത്തിക്കാനാവുന്നത് അത് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'സിപിഎം ഓഫീസിൽ ഇത്രയും കാലം തറവാട്ടിൽ പിറന്ന സ്ത്രീകളല്ലേ കയറിയത്'? മണ്ണാർക്കാട് ഏരിയ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ മഹിളാ അസോസിയേഷൻ
ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തിയ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്