
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി. വഖഫ് ബോർഡ് പുനസംഘടനയിൽ ഉയർത്തിയ ആവശ്യത്തിന് സർക്കാർ അനുകൂല മറുപടി നൽകിയ സാഹചര്യത്തിലാണ് മാർച്ച് പിൻവലിച്ചത്. വഖഫ് ബോർഡിൽ എപി സുന്നി വിഭാഗത്തിന് അംഗത്വം നൽകാൻ സർക്കാർ തീരുമാനിച്ചതോടെ ആണ് പ്രതിഷേധത്തിൽ നിന്നുള്ള പിന്മാറ്റം. എപി സുന്നി വിഭാഗത്തെ അനുനയിപ്പിക്കാനും പുതിയ ഫോർമുല ചർച്ച ചെയ്യാനും വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നം പരിഹരിക്കും എന്ന് മന്ത്രി ഉറപ്പ് നൽകിയതായി കേരള മുസ്ലീം ജമാഅത്ത് സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
വഖഫ് ബോർഡ് പുനസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എപി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സർക്കാർ സമ്മർദത്തിന് വഴങ്ങുകയും ഫോർമുല തയ്യാറാക്കുകയും ചെയ്തത്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ ലീഗ് നേതൃത്വവുമായി സംസാരിച്ചാണ് പ്രശ്നപരിഹാര ഫോർമുല നിർദേശിച്ചത്. എപി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാനാണ് സർക്കാരിൻ്റെ തീരുമാനം. പകരം ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി സുന്നി വിഭാഗം ഒഴിയും. പൊന്നാനി എംഎൽഎ നൗഷാദ് അലി ആണ് സമവായ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.
പുതിയ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് എപി സുന്നി വിഭാഗത്തിന് ആ സ്ഥാനം നൽകാനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന് എപി സുന്നി വിഭാഗം കടുത്ത നിലപാട് അറിയിച്ചതോടെയാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ മുഖ്യമന്ത്രിയും പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ തീരുമാനിച്ചത്. ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് അധ്യക്ഷൻ എം സി മായിൻ ഹാജി പറഞ്ഞു.
വഖഫ് ബോർഡ് അംഗത്വത്തിന് പുറമേ കൂടുതൽ പദവികൾ കാന്തപുരം സുന്നി വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം സർക്കാർ പദവികളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയിരുന്ന പരിഗണന ഇകെ സുന്നി വിഭാഗത്തിലെ ലീഗ് വിരുദ്ധ ചേരിക്ക് ഇത്തവണ സർക്കാർ നൽകുന്നില്ല. ഇക്കാര്യത്തിൽ ലീഗിന്റെ കടുത്ത നിലപാട് കോൺഗ്രസിന് അംഗീകരിക്കേണ്ടി വരികയായിരുന്നു. അതേസമയം വഖഫ് സ്ഥാപനങ്ങളുമായി കാര്യമായി ബന്ധമില്ലാത്ത ജമാഅത്ത് ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ബോർഡിൽ പ്രതിനിധ്യം നൽകിയത് ലീഗിൽ ചർച്ചാ വിഷയമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam