
തിരുവനന്തപുരം : എംവി ഗോവിന്ദന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായതോടെ പുതിയ മന്ത്രിയാരെന്ന ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുന്നു. അടുത്ത വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനമുണ്ടാകും. ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരന്നവരെ പരിഗണിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
നിയമസഭാ സമ്മേളനം തീരുന്നതോടെ എംവി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെക്കും. വെള്ളിയാഴ്ച സിപിഎം സംസ്ഥാന സെക്രടട്രിയേറ്റ് യോഗം ചേരും. അതിന് മുമ്പ് പോളിറ്റ് ബ്യൂറോ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചർച്ച ചെയ്ത് തീരുമാനമെടുക്കും. ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെ പുതുതായി ഉള്‍പ്പെടുത്താനുള്ള സാധ്യത തീരെയില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഒന്നോ രണ്ടോ പേരെ ഉള്‍പ്പെടുത്തിയാല്‍ എന്തുകൊണ്ട് മറ്റുളളവരെ ഒഴിവാക്കി എന്നുള്ള ചോദ്യം വരും. ഒപ്പം പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരണമെന്ന പാർട്ടി നയവും ചോദ്യം ചെയ്യപ്പെടും. എംവി ഗോവിന്ദന് പകരം പുതിയ മന്ത്രിയെ തീരുമാനിക്കുന്നതിനൊപ്പം വ്യാപകമായ അഴിച്ചുപണി വേണോ എന്നതാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. നിലവിൽ സജി ചെറിയാന്‍ രാജിവെച്ച ഒഴിവുമുണ്ട്.
എംവി ഗോവിന്ദന് പകരം കണ്ണൂരിൽ നിന്ന് ഒരാളെ പരിഗണിച്ചാല്‍ എഎന്‍ ഷംസീറിനായിരിക്കും സാധ്യത. ആലപ്പുഴയില്‍ നിന്ന് സജി ചെറിയാന് പകരം ഒരാളെ പരിഗണിച്ചാല്‍ ചിത്തരഞ്ജന് സാധ്യതയാകും. നിയമസഭ കയ്യാങ്കളി കേസ് അടുത്ത മാസം 14 ന് കോടതിയില്‍ വരുന്ന സാഹചര്യത്തില്‍ വി ശിവന്‍കുട്ടിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റണമെന്ന ചര്‍ച്ചയും പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്. സ്പീക്കര്‍ സ്ഥാനത്ത് നിന്ന് എംബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന അഭിപ്രായവും സജീവമാണ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി\
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി പദമൊഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയി. എയർ ആംബുലൻസ് മാർഗമാണ് തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളും അപ്പോളോ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘവും കോടിയേരിയ്ക്ക് ഒപ്പമുണ്ടായിരുന്നു. രാവിലെ മുതൽ മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കൾ എ.കെ.ജി സെൻ്ററിന് സമീപത്തുള്ള ചിന്ത ഫ്ലാറ്റിലെത്തി കോടിയേരിയെ സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുതിര്‍ന്ന നേതാക്കളുമടക്കം നിരവധി പേര്‍ ചികില്‍സയ്ക്ക് പോകുംമുമ്പ് കോടിയേരിയെ കാണാനെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam