
കൊച്ചി: എൻഐഎ കസ്റ്റഡിയിലുള്ള മൂന്ന് തീവ്രവാദികൾ കഴിഞ്ഞ കുറേക്കാലമായി കേരളത്തിൽ ഉണ്ടായിരുന്നതായി സൂചന. കേരളത്തിൽ നിന്നും ബംഗാൾ സ്വദേശികളെക്കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കൊച്ചിയിൽനിന്ന് പിടിയിലായ അൽ ഖായിദ ഭീകരൻ യാക്കൂബ് ബിശ്വാസ് ഇടുക്കിയിലെ അടിമാലിയിൽ ജോലി ചെയ്തിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. അടിമാലിയിൽ പെരുമ്പാവൂർ സ്വദേശിയായ ആൾ നടത്തിയ ചപ്പാത്തിക്കടയിലായിരുന്നു യാക്കൂബ് വിശ്വാസ് ജോലി ചെയ്തത്. ഏഴ് മാസം മാത്രമാണ് ഈ ചപ്പാത്തി കട അടിമാലിയിൽ പ്രവർത്തിച്ചത്. പിന്നീട് ഇത് അടച്ചു പൂട്ടി. ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ച് പൊലീസ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുമ്പാവൂരിൽ നിന്നും പൊലീസ് പിടികൂടിയ മൊഷറഫ് ഹുസൈൻ എന്നയാൾ കഴിഞ്ഞ ഏഴ് വർഷമായി കൊച്ചിയിലുണ്ട് എന്നാണ് ഇയാളെ പരിചയമുള്ളവർ പറയുന്നത്. പെരുമ്പാവൂരിലെത്തിയ അന്ന് മുതൽ ഒരു തുണിക്കടയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കുടുംബസമേതം പെരുമ്പാവൂരിൽ താമസിച്ചിരുന്ന ഇയാളുടെ കൂടെ ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു. പെരുമ്പാവൂർ നടക്കല്ലിലാണ് ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.
കളമശ്ശേരിക്ക് അടുത്ത പാതാളത്ത് നിന്നും പിടിയിലായ മുർഷിദ് രണ്ട് മാസം മുൻപാണ് ഇവിടെ താമസിക്കാനെത്തിയത് എന്നാണ് കെട്ടിട ഉടമ പറയുന്നത്. ആധാർ അടക്കം തിരിച്ചറിയൽ രേഖ നൽകിയാണ് ഇയാൾ ഇവിടെ കേറിപ്പറ്റിയത്. ഇയാളിൽ നിന്നും ഒരു ലാപ്പ് ടോപ്പും രണ്ട് മൊബൈലും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം മൂന്ന് തീവ്രവാദികളേയും എൻഐഎ അറസ്റ്റ് ചെയ്തതല്ലെന്നും ലോക്കൽ പൊലീസ് പിടികൂടി കൈമാറുകയായിരുന്നുവെന്നുമാണ് വിവരം. എൻഐഎയുടെ ആവശ്യപ്രകാരമാണ് പൊലീസ് മൂന്ന് പേരേയും താമസസ്ഥലത്ത് നിന്നും പിടികൂടിയത്. മൂന്ന് പേരുടേയും വിശദാംശങ്ങൾ എൻഐഎ പൊലീസിന് കൈമാറിയില്ല. രണ്ട് പേരെ പെരുമ്പാവൂർ പൊലീസ് പിടികൂടിയപ്പോൾ ഒരാളെ ചേരാനെല്ലൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
ബംഗാളിൽ നിന്നും ആറ് പേരേയും കേരളത്തിൽ നിന്നും മൂന്ന് പേരേയും അറസ്റ്റ് ചെയ്തുവെന്നാണ് ഇന്ന് രാവിലെ പുറത്തു വിട്ട വാർത്താക്കുറിപ്പിൽ എൻഐഎ പറയുന്നത്. ഇവരിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തതായും എൻഐഎ വാർത്താക്കുറിപ്പിലുണ്ട്. എന്നാൽ കേരളത്തിൽ പിടിയിലായ മൂന്ന് പേരുടെ കൈവശവും ആയുധങ്ങളൊന്നും തന്നെയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.
പെരുമ്പാവൂരിൽ നിന്നാണ് മൊഷറഫ് ഹുസൈനേയും വിശ്വാസിനേയും പിടികൂടിയത്. മുർഷിദിനെ കളമശ്ശേരിക്ക് അടുത്ത പാതാളത്തെ വാടക കെട്ടിട്ടത്തിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാൾ സ്ഥിരമായി ജോലിക്ക് പോകുന്നവരായിരുന്നില്ലെന്നും പകൽ മുഴുവൻ ഇൻ്റർനെറ്റിൽ സമയം ചിലവഴിക്കുന്നതായിരുന്നു രീതിയെന്നും കൂടെ താമസിക്കുന്നവർ മൊഴി നൽകിയിട്ടുണ്ട്. പാതാളത്ത് നിന്നും പിടിയിലായ മുർഷിദിൽ നിന്നും ലാപ്പ് ടോപ്പും രണ്ട് മൊബൈലുകളും എൻഐഎ പിടികൂടിയിട്ടുണ്ട്.
ലോക്ക് ഡൗണിൻ്റെ ഇടയിലാണ് മുർഷിദ് ഞങ്ങളുടെ റൂമിലേക്ക് വരുന്നത്. ആഴ്ചയിൽ രണ്ട് ദിവസമൊക്കെയേ ജോലിക്ക് പോകൂ. അല്ലാത്ത സമയത്തെല്ലാം റൂമിൽ തന്നെ കാണും. വീട്ടിൽ അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ളതിനാലാണ് ജോലിക്ക് പോകാതിരിക്കുന്നതെന്നാണ് അവൻ ഞങ്ങളോട് പറഞ്ഞിരുന്നത് - മുർഷിദിനൊപ്പം താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇയാളടക്കം ആറ് പേരാണ് മുർഷിദിനൊപ്പം താമസിച്ചിരുന്നത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു സംഘം ആളുകൾ ഞങ്ങളുടെ ക്യാംപിലേക്ക് വന്നത്. മുർഷിദിനെ കൊണ്ടു പോയ അവർ ഞങ്ങളുടെയെല്ലാം ആധാർ കാർഡും മൊബൈൽ ഫോണും വാങ്ങി വച്ചു. അതു തിരിച്ചു വാങ്ങാനായാണ് ഇപ്പോൾ ഇവിടേക്ക് വന്നത് -കൊച്ചിയിലെ എൻഐഎ ഓഫീസിന് മുന്നിൽ വച്ചു അന്യസംസ്ഥാനത്തൊഴിലാളി പറഞ്ഞു. കളമശ്ശേരിക്ക് അടുത്ത പാതാളത്തെ എസ്ബിഐ ബ്രാഞ്ചിന് സമീപമുള്ള കെട്ടിട്ടത്തിൽ നിന്നാണ് മുർഷിദിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ പിടികൂടി കൊണ്ടു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
പെരുമ്പാവൂരിൽനിന്ന് അറസ്റ്റിലായ മൊഷറഫ് ഹുസൈൻ 7 വർഷമായി കേരളത്തിലുണ്ടായിരുന്നെന്ന് സംശയിക്കുന്നതായി സ്പഷ്യൽ ബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നു. പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ. മുർഷിദും നേരത്തെ പെരുമ്പാവൂരിൽ തങ്ങിയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. എൻഐഎ അറസ്റ്റിൻ്റെ വിവരം പുറത്തു വന്നതിന് പിന്നാലെയാണ് കേരള പൊലീസിൻ്റെ സ്പെഷ്യൽ ബ്രാഞ്ച് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam