
തിരുവനന്തപുരം: കണ്ണൂരില്‍ ട്രെയിന്‍ (Train) യാത്രക്കാരനെ കേരളാ പൊലീസ് മർദ്ദിച്ച സംഭവത്തില്‍ (Police Attack) എഎസ്ഐക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. എം സി പ്രമോദ് മനുഷ്യത്വ രഹിതമായി പെരുമാറിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ടിടിഇയുടെ നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥൻ ഉടപെട്ടത്. പക്ഷെ ട്രെയിനിൽ നിന്ന് ഇറക്കി വിടുമ്പോൾ ചവിട്ടിയത് ഗുരുതര തെറ്റാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പെഷ്യൽ ബ്രാഞ്ച് എസിപി കണ്ണൂർ കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി.
യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറം ലോകം അറിഞ്ഞത്. ടിക്കറ്റില്ലാതെ മാവേലി എക്സ്പ്രസിന്‍റെ സ്ലീപ്പര്‍ കോച്ചില്‍ കയറിയ ആള്‍ക്കാണ് എഎസ്ഐ പ്രമോദില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. സ്ലീപ്പർ കോച്ചില്‍ പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞു. എന്നാൽ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നായിരുന്നു പൊലീസുകാരന്‍ വിശദീകരിച്ചതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
എന്നാൽ, ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും താൻ ചെയ്തതിനെ ന്യായീകരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥൻ. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐഐ പ്രമോദ് വിശദീകരിക്കുന്നു. യാത്രക്കാരൻ ആരെന്നറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് പുറത്തുവരുന്നത്. കേരളത്തിലെ പൊലീസ് കുറേ നാളായി സമനിലതെറ്റിയത് പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇതിന്‍റെ എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരിൽ മാവേലി എക്സ്പപ്രസിൽ നടന്ന സംഭവം. രണ്ടാമത് അധികാരത്തിൽ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂർണ്ണമായും സർക്കാരിന്‍റെ കയ്യിൽ നിന്ന് നഷ്ടമായിരിക്കുകയാണ്. ഇപ്പോൾ പാർട്ടി നേതൃത്വമാണ് എല്ലാ തലത്തിലും പൊലീസ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത്. പൊലീസിലെ മുകൾ തട്ടിലുള്ള ഉദ്യോഗസ്ഥർ മുതൽ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ വരെയുള്ള സംവിധാനത്തിന്റെ താളക്രമം മുഴുവൻ തെറ്റി. പഴയകാലത്തെ സെൽഭരണം പുതിയ രീതിയിൽ അവതരിപ്പിക്കപ്പെടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സംഭവത്തിൽ കടുത്ത നടപടിക്ക് ശുപാർശ ചെയ്യുമെന്ന് കമ്മീഷണർ ആർ ഇളങ്കൊ അറിയിച്ചു. പൊലീസുകാരന്‍റെ ആദ്യത്തെ ഇടപടെലിൽ തെറ്റില്ലെന്ന് പറഞ്ഞ സിറ്റി പൊലീസ് കമ്മീഷണർ യാത്രക്കാരനെ ചവിട്ടിയത് തെറ്റ് തന്നെയാണെന്ന് വ്യക്തമാക്കി. മനുഷ്യാവകാശ ലംഘനം നടന്നതായാണ് സിറ്റി പൊലീസ് കമ്മീഷണറുടെ പ്രാഥമിക കണ്ടെത്തൽ. യാത്രക്കാരൻ മദ്യപിച്ചിരുന്നോ എന്നും മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയോ എന്നും പരിശോധിക്കും.അന്വേഷണ റിപ്പോർട്ട് വൈകുന്നേരത്തിനകം ലഭിക്കുമെന്നാണ് ആർ ഇളങ്കൊ അറിയിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam