
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസിനെ വാഴ്ത്തി ഭരണപക്ഷവും കുറ്റപ്പെടുത്തി പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭയിൽ രൂക്ഷമായ തർക്കം. കഴിഞ്ഞ ആറ് വർഷത്തിൽ കേരളത്തിൽ വർഗീയ സംഘർഷത്തിൽ ഒരു മനുഷ്യ ജീവൻ പോലും നഷ്ടപെട്ടില്ലെന്നായിരുന്നു കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററുടെ പ്രസ്താവന. എൽ ഡി എഫ് സർക്കാർ പൊലീസിന് മനുഷ്യ മുഖം നൽകിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വാദങ്ങളെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുവാദം നിരത്തി ഖണ്ഡിച്ചു.
എസ്എഫ്ഐ പ്രവർത്തകരുടെ കയ്യും വെട്ടും കാലും വെട്ടും എന്ന മുദ്രാവാക്യം സഭയിൽ തിരുവഞ്ചൂർ ഉയർത്തി. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന ശേഷം മാത്രം കേരളത്തിൽ 39 രാഷ്ട്രീയ കൊലപാതകം നടന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലയാളികളെ മഹത്വൽവത്കരിക്കുകയാണ് സംസ്ഥാന സർക്കാർ. പോക്സോ കേസുകൾ പോലീസ് ഒതുക്കി തീർക്കുകയാണ്. പത്തനംതിട്ട കൂട്ട ബലാത്സംഗ കേസ് സർക്കിൾ ഇൻസ്പെക്ടർ ഇടപെട്ട് അട്ടിമറിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എന്തായെന്ന് തിരുവഞ്ചൂർ ചോദിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ അക്രമിച്ച കേസിലെ പ്രതി എവിടെ? പൊലീസും ഗുണ്ടകളും തമ്മിൽ സംസ്ഥാനത്ത് മച്ചാൻ മച്ചാൻ കളിക്കുകയാണെന്നും ഒരു സംഘം പോലീസുകാർ പാർട്ടി ഗുണ്ടകളുടെ കളിപ്പാവകളായെന്നും അദ്ദേഹം വിമർശിച്ചു. ഗുണ്ടാ ബന്ധം ഉള്ള ഉദ്യോഗസ്ഥരെ വേറെ എവിടെ വെച്ചാലും വിജിലൻസിൽ വെക്കാമോയെന്ന് ചോദിച്ച പ്രതിപക്ഷ അംഗം തലശ്ശേരി പോലീസിനെതിരായ സദാചാര ആക്രമണവും ഉന്നയിച്ചാണ് സഭയിൽ ഭരണപക്ഷ അംഗത്തിന്റെ വാദങ്ങളോട് തിരിച്ചടിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam