Asianet News MalayalamAsianet News Malayalam

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഒന്നരലക്ഷം കുട്ടിക്ക് നല്‍കണം, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

ഒന്നര ലക്ഷം രൂപ പൊലീസ്  ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കണമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവ്.

government has finally decided to compensate the girl who was insulted by the pink police in attingal
Author
Trivandrum, First Published Jul 13, 2022, 5:14 PM IST

തിരുവനന്തപുരം: മൊബൈൽ ഫോണ്‍ മോഷണം ആരോപിച്ച് നടുറോഡിൽ എട്ട് വയസുകാരിയെ പിങ്ക് പൊലീസ് അധിക്ഷേപിച്ച സംഭവത്തിൽ ഒടുവിൽ നഷ്ടപരിഹാരത്തിന് സർക്കാർ ഉത്തരവ്. കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ 25,000 രൂപയും പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കും. നടുറോഡിൽ പൊലീസ് അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോയിരുന്നു. കുട്ടിയ്ക്ക് എതിരെ പൊലീസ് ഉദ്യോഗസ്ഥയുടെ ജാതി അധിക്ഷേപമുണ്ടായിട്ടില്ലെന്നും  അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ വകുപ്പതല നടപടി എടുത്തെന്നുമായിരുന്നു സർക്കാർ വാദം. സർക്കാർ വാദമെല്ലാം തള്ളിയ കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷവും കോടതി ചെലവും പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്. 

ഹൈക്കോടതി ഉത്തരവിട്ട് ആറ് മാസത്തിന് ശേഷമാണ് സർക്കാർ നടപടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 ന് തോന്നയ്ക്കലിൽ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രജിത അധിക്ഷേപിക്കുന്നത്. കുട്ടി മൊബൈൽ മോഷ്ടിച്ചില്ലെന്ന് തെളിഞ്ഞിട്ടും പൊതുമധ്യത്തിലെ അധിക്ഷേപത്തെ തുടർന്ന് വാവിട്ട് കരഞ്ഞ കുഞ്ഞിനെ സാന്ത്വനിപ്പിക്കാന്‍ പൊലീസ് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റൂറൽ എസ്പി അന്വേഷണം നടത്തി. കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലമാറ്റത്തിലും 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുക്കി. ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണത്തിന്‍റെ പേരിൽ ഇപ്പോഴും തന്നെയും മകളെയും വേട്ടയാടുകയാണെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ പറയുന്നു. കോടതി നിർദ്ദേശത്തെ തുടർന്ന് യൂണിഫോം ജോലിയിൽ നിന്നും രജിതയെ മാറ്റി നിർത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios