ക്രൈം കോൺഫറൻസിന് വൈകിയെത്തി, യോഗത്തിനിടെ ഉറങ്ങി; പ്രാകൃത ശിക്ഷ വിധിച്ച് എസ്പി, മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അസോസിയേഷൻ

Published : Jul 20, 2025, 02:16 PM IST
police Punishment

Synopsis

യോഗത്തില്‍ വൈകിയെത്തിയതിന് സിഐമാര്‍ക്കും പൊലീസുകാരിക്കും പത്ത് കിലോമീറ്റര്‍ ഓടാന്‍ ശിക്ഷ വിധിച്ച് റൂറൽ പൊലീസ് മേധാവി. 

കൊച്ചി: ക്രൈം കോണ്‍ഫറന്‍സില്‍ വൈകിയെത്തിയതിനും യോഗത്തിനിടെ ഉറങ്ങിയതിനും സിഐമാര്‍ക്കും പൊലീസുകാരിക്കും എറണാകുളം ജില്ലാ പൊലീസ് മേധാവി പത്ത് കിലോമീറ്റര്‍ ഓടാന്‍ ശിക്ഷ വിധിച്ചതായി ആരോപണം. കഴിഞ്ഞാഴ്ച നടന്ന കോണ്‍ഫറന്‍സിനിടെയായിരുന്നു നടപടി. ശിക്ഷ സ്വീകരിച്ച് സിഐമാരിലൊരാള്‍ ഓടുകയും ചെയ്തു. എറണാകുളം റൂറൽ പൊലീസ് മേധാവിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കേരള പൊലീസ് ഓഫീസർസ് അസോസിയേഷൻ. എന്നാല്‍ റണ്ണിംഗ് ചലഞ്ചിന്‍റെ ഭാഗമായി തമാശയ്ക്ക് പറഞ്ഞതെന്നാണ് റൂറല്‍ പൊലീസിന്‍റെ വിശദീകരണം.

എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലെ 34 സ്റ്റേഷനുകളില്‍ നിന്നുമുള്ള സിഐമാരുടെ പതിവ് ക്രൈം കോണ്‍ഫറന്‍സ്. കഴിഞ്ഞ ആഴ്ചയും ആലുവയിലെ എസ് പി ഓഫീസില്‍ നടന്നു. എല്ലാ പൊലീസുകാരും സമയത്തെത്തി. മുളംതുരുത്തി സിഐയും സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയും ആലുവ സബ് ഡിവിഷന് കീഴിലുള്ള മറ്റൊരു സിഐയുമാത്രം വൈകിയെത്തി. കാരണം ചോദിച്ചപ്പോള്‍ തലേദിവസം രാത്രി ഡ്യൂട്ടിയായിരുന്നു എന്ന് മറുപടി. കോണ്‍ഫറന്‍സിനിടെ ഇവര്‍ മയങ്ങുകയും ചെയ്തു. ഇതോടെ ഉറങ്ങിപ്പോയവരും വൈകി വന്നവരുമൊന്നും പൊലീസ് ഡ്യൂട്ടി ചെയ്യാന്‍ ഫിറ്റ് അല്ലെന്ന് പറഞ്ഞ് എസ് പി ഇവരോട് പത്ത് കിലോമീറ്റര്‍ ഓടാന്‍ നിര്‍ദേശിച്ചു.

എസ് പിയുടെ ശിക്ഷാ നടപടി മുളംതുരുത്തി സിഐ അക്ഷരംപ്രതി അനുസരിച്ചു. പിറ്റേദിവസം ഫോണില്‍ ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്ത് പത്ത് കിലോമീറ്റര്‍ ഓടി, മാപ്പിന്‍റെ ചിത്രമടക്കം എസ് പിക്ക് അയച്ചുകൊടുത്തു. എസ് പിയുടെ വക മെസേജിന് മറുപടിയായി തംസപ്പും കിട്ടി. പിന്നാലെ ശിക്ഷക്കെതിരെ സേനക്കുള്ളില്‍ അടക്കം പറ‍ച്ചിലായി. ഇതോടെ എസ് പിയുടെ മറുപടിയെത്തി. തന്‍റെ സഹപ്രവര്‍ത്തകരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും ആര്‍ക്കും ശിക്ഷ വിധിച്ചിട്ടില്ലെന്നുമാണ് എസ് പിയുടെ വിശദീകരണം. ശരീരത്തിന്‍റെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ പൊലീസുകാരുടെ റണ്ണിംഗ് ചലഞ്ച് തുടരണമെന്ന് തമാശക്ക് പറയുക മാത്രമാണ് ചെയ്തതെന്നും വിവാദത്തിന് തിരികൊളുത്തരുതെന്നും എസ് പി കൂട്ടിച്ചേര്‍ത്തു. പൊലീസ് മേധാവിയുടേത് പ്രാകൃത നടപടിയെന്ന് കേരള പൊലീസ് ഓഫീസർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആരോപിച്ചു.

PREV
Read more Articles on
click me!

Recommended Stories

വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന് നിഗമനം, അന്വേഷണത്തിന് പുതിയ സംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും