പന്തിനെന്ത് കേരളാ പൊലീസ്! കുട്ടികൾ കളിക്കുന്നതിനിടെ ജീപ്പിൽ തട്ടിയ ഫുട്ബോൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Published : Jul 31, 2023, 06:34 AM IST
പന്തിനെന്ത് കേരളാ പൊലീസ്! കുട്ടികൾ കളിക്കുന്നതിനിടെ ജീപ്പിൽ തട്ടിയ ഫുട്ബോൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Synopsis

കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ കളിമാറി. രോഷാകുലരായ പൊലീസുകാർ കുട്ടികളുടെ കളി മുടക്കി

കൊച്ചി: കളിക്കുന്നതിനിടെ പൊലീസ് ജീപ്പിൽ തട്ടിയ ഫുട്ബോൾ പന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലെ ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ പന്താണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. വഴിയാത്രക്കാർക്ക് അപകടകരമാവുന്ന രീതിയിൽ കളിച്ചതിനാലാണ് പന്ത് പിടിച്ചെടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രണ്ടിലാണ് കുട്ടികളും പ്രദേശത്തെ യുവാക്കളും കളിച്ചുകൊണ്ടിരുന്നത്. ഈ സമയത്ത് വാഹന പരിശോധനക്കെത്തിയ പൊലീസ് ജീപ്പ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തു. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ ജീപ്പിൽ പന്ത് കൊള്ളുമെന്നും കുട്ടികൾ പറഞ്ഞു, എന്നാൽ പൊലീസ് കേട്ടില്ല.

കളിക്കിടെ പന്ത് ജീപ്പിന്റെ ചില്ലിൽ കൊണ്ടതോടെ കളിമാറി. രോഷാകുലരായ പൊലീസുകാർ കുട്ടികളുടെ കളി മുടക്കി. നെട്ടൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഫുട്ബോൾ കസ്റ്റഡിയിലെടുത്തു. ഇത് ജീപ്പിനകത്തിട്ട് സ്റ്റേഷനിലേക്ക് പോവുകയും ചെയ്തു.  ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ എതിർത്തെങ്കിലും പൊലീസ് പന്ത് വിട്ടുനൽകിയില്ല. ഗ്രൗണ്ടിന് സമീപമുണ്ടായിരുന്നവർ ഫുട്ബോളിനെ ചൊല്ലി പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതർക്കം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം നാട്ടിൽ പാട്ടായി.

വഴിയാത്രക്കാർക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികൾ ഫുട്ബോൾ കളിച്ചിരുന്നതെന്നാണ് പനങ്ങാട് പൊലീസിന്റെ വിചിത്ര വിശദീകരണം. ഇത് കുട്ടികൾ മനസ്സിലാക്കാനാണ് പന്ത് പിടിച്ചെടുത്തതെന്ന് പറഞ്ഞ പൊലീസ് നേരത്തെ ലഹരി കേസിൽ പ്രതിയായ യുവാവും ഗ്രൗണ്ടിൽ ഉണ്ടായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇയാൾ മനപൂർവം പന്ത് പൊലീസ് ജീപ്പിലേക്കടിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിന് എതിരല്ലെന്നും എപ്പോൾ വേണമെങ്കിലും സ്റ്റേഷനിൽ നിന്ന് പന്ത് കൈപ്പറ്റാമെന്നും പനങ്ങാട് പൊലീസ് വ്യക്തമാക്കി.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത
ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി