ഒറ്റയ്ക്ക് സാധിക്കുമോ? സുഹൃത്തുകളെ സംശയം; തെളിവ് തേടി പൊലീസ്, ചെന്നൈയിൽ പിടിയിലായ ആദംഅലിയെ കസ്റ്റഡിയിലെടുക്കും

By Web TeamFirst Published Aug 9, 2022, 12:42 AM IST
Highlights

കൊലപാതകത്തിൽ ആദമിന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആദം അലിക്ക് ഒറ്റയ്ക്ക് ഇതൊക്കെ സാധിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊന്ന് കിണറ്റിലിട്ട ശേഷം രക്ഷപ്പെട്ട പ്രതി ബംഗാള്‍ സ്വദേശി ആദം അലിയെ കേരള പൊലീസ് ഇന്ന് ചെന്നൈയിലെത്തി കസ്റ്റഡിയിലെടുക്കും. ഇന്നലെ ആദമിനെ ആര്‍ പി എഫ് പിടികൂടിയിരുന്നു. ഇന്ന് രാവിലെ ചെന്നൈയിലെത്തുന്ന അന്വേഷണസംഘം രാത്രിയോടെ പ്രതിയെ കേരളത്തിലെത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കാനാണ് നീക്കം. മോഷണത്തിനായാണ് കൊലപാതകമെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം. മനോരമയുടെ നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കാനുള്ള ശ്രമവും തെളിവെടുപ്പും നടത്തും. കൊലപാതകത്തിൽ ആദമിന്‍റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കൾക്കും പങ്കുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആദം അലിക്ക് ഒറ്റയ്ക്ക് ഇതൊക്കെ സാധിക്കുമോയെന്ന സംശയത്തിലാണ് പൊലീസ്. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കും.

മനോരമ കൊലപാതകം; പ്രതി ചെന്നൈയില്‍ പിടിയില്‍, നീക്കം 24 മണിക്കൂറിനകം

ആദം അലി കൊലപാതക ശേഷം വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന നിര്‍ണ്ണായക സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വീട്ടമ്മയെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പറയുന്നത്. ആദം അലി മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളുകയായിരുന്നു. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്നതിന്‍റെ നിര്‍ണ്ണായക സി സി ടി വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

അതേസമയം ആദം അലി ഒറ്റയ്ക്കാണോ ഇതൊക്കെ ചെയ്തതെന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. ആദം അലിയുടെ കൂടെ താമസിച്ചിരുന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട് പൊലീസ്. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ വച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രണ്ട് ദിവസം മുമ്പ് പബ് ജി ഗെയിമിൽ പരാജയപ്പെട്ടപ്പോൾ ആദം അലി ഫോൺ അടിച്ച് തകർത്തെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാൾ സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുൻപ് ആദംഅലി സ്ഥലം വിട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. എന്നാൽ ഇവർക്കാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് പൊലീസ്  അന്വേഷിക്കുന്നുണ്ട്. അതേസമയം പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു.

റോഡിൽ വീണ മരം മുറിച്ച് ആഴ്ച കഴിഞ്ഞിട്ടും ചൊറിച്ചിൽ, പൊള്ളൽ, ചർമ്മവും പൊന്തി; ചികിത്സ തുടരുന്നു, ഭയപ്പാടും

click me!