Asianet News MalayalamAsianet News Malayalam

മനോരമ കൊലപാതകം; പ്രതി ചെന്നൈയില്‍ പിടിയില്‍, നീക്കം 24 മണിക്കൂറിനകം

പശ്ചിമബംഗാൾ സ്വദേശി ആദംഅലി  വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന  നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു.  വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്

kesavadasapuram manorama murder accused arrested in chennai
Author
Chennai, First Published Aug 8, 2022, 6:05 PM IST

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആദം അലിയാണ് പിടിയിലായത്.  ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. പ്രതിയെ നാളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുo. ചെന്നൈ എക്പ്രസിൽ ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് ഇയാള്‍ തമ്പാനൂരില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്രതി വീട്ടമ്മയെ കൈകാലുകൾ കെട്ടി കിണറ്റിലെറിയുന്ന  നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വീട്ടമ്മയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൃത്യം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായിരിക്കുന്നത്. ആദം അലി  മനോരമയെ കഴുത്ത് ഞെരിച്ച് കൊന്ന് കൈകാലുകൾ കെട്ടി രണ്ട് വീട് അപ്പുറത്തെ കിണറ്റിൽ തള്ളി. മനോരമയുടെ മൃതദേഹം ചുമന്നെടുത്ത് ആദം അലി നടന്ന് പോകുന്ന നിര്‍ണ്ണായക സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിട്ടുള്ളത്. കൊലപാതകത്തിന് ശേഷം പ്രതി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി കേരളം വിട്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ഇതേത്തുടര്‍ന്ന്  പ്രതിയെ കണ്ടെത്താനുള്ള തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിരുന്നു. 

Read Also; മനോരമ കൊലപാതകം: വധിച്ചത് കഴുത്ത് ഞെരിച്ച്, സിസിടിവി ദൃശ്യം പൊലീസിന്; പ്രതി റെയിൽവെ സ്റ്റേഷനിലെത്തി

ഒപ്പമുണ്ടായിരന്ന അഞ്ച് പേരെ വിശദമായി ചോദ്യം ചെയ്തു. ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങൾ  വച്ചാണ് അന്വേഷണം പുരോഗമിച്ചത്. രണ്ട് ദിവസം മുമ്പ്  പബ് ജി ഗെയിമിൽ പരാജയപ്പെട്ടപ്പോൾ ആദം അലി ഫോൺ അടിച്ച് തകർത്തെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവശേഷം ഉള്ളൂരിലെ കടയിലെത്തിയ ഇയാൾ സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഒപ്പമുണ്ടായിരുന്നവരെ വിളിച്ചു. സിം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് ഉള്ളൂരിലെത്തിക്കും മുൻപ് ആദംഅലി സ്ഥലം വിട്ടെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്.  ദേഷ്യം വന്നപ്പോൾ മനോരമയെ കൊന്നെന്നും നാടുവിടുകയാണെന്നും ആദംഅലി പറഞ്ഞെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.  കൊലപാതകത്തിൽ ഇവര്‍ക്കുള്ള പങ്കും പൊലീസ്  അന്വേഷിക്കുന്നുണ്ട്.  

അതിനിടെ വീട്ടിൽ നിന്ന് കാണാതായെന്ന് കരുതിയ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മനോരമയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. 

Read Also: കേശവദാസപുരത്ത് വൃദ്ധയെ കൊന്ന് കിണറ്റിലിട്ട സംഭവം:  അഞ്ചുപേർ കസ്റ്റഡിയിൽ-കമ്മിഷണർ

Follow Us:
Download App:
  • android
  • ios