ഇത് സ്ത്രീ സുരക്ഷാ വർഷം;പുത്തൻ പദ്ധതികളുമായി കേരളാ പൊലീസ്

Web Desk   | Asianet News
Published : Jan 28, 2020, 08:20 AM ISTUpdated : Jan 28, 2020, 08:25 AM IST
ഇത് സ്ത്രീ സുരക്ഷാ വർഷം;പുത്തൻ പദ്ധതികളുമായി കേരളാ പൊലീസ്

Synopsis

പദ്ധതിയുടെ ഭാ​ഗമായി വനിതകള്‍ക്ക് രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയില്‍ നടപ്പാക്കിയ 'സുരക്ഷിത' എന്ന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. 

തിരുവനന്തപുരം: 2020ൽ സ്ത്രീ സുരക്ഷക്ക് മുൻതൂക്കം നൽകുന്ന സംരംഭങ്ങളും പദ്ധതികളുമായി കേരള പൊലീസ്. ഇതിന്റെ ഭാഗമായി വനിതാ പൊലീസുകാര്‍ ഉള്‍പ്പെട്ട പട്രോളിംഗ് ടീം ഇനി മുതല്‍ നിരത്തില്‍ എത്തും. പദ്ധതികളുടെ വിശദാംശങ്ങള്‍ അടങ്ങുന്ന കുറിപ്പ് കേരളാ പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടു.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളിച്ചാണ് സ്ത്രീ സുരക്ഷയും സ്ത്രീകളുടെ രാത്രികാല യാത്രയുടെ സുരക്ഷയും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാ​ഗമായി വനിതകള്‍ക്ക് രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയില്‍ നടപ്പാക്കിയ 'സുരക്ഷിത' എന്ന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളും സ്ഥാപിക്കും. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

2020 സ്ത്രീ സുരക്ഷാ വർഷം:
സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നൽകുന്ന സംരംഭങ്ങളും പദ്ധതികളുമായ് കേരളപോലീസ്

കേരളാ പോലീസ് ഇക്കൊല്ലം വനിതകളുടെ സുരക്ഷയ്ക്കായുള്ള വര്‍ഷമായി ആചരിക്കും. ഇതിന്റെ ഭാഗമായി വനിതാപോലീസുകാര്‍ ഉള്‍പ്പെട്ട പട്രോളിംഗ് ടീം ഇനി മുതല്‍ നിരത്തില്‍ എത്തും. രണ്ട് വനിതാ പോലീസുകാര്‍ ഉള്‍പ്പെട്ട സംഘം ബസ് സ്റ്റോപ്പുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്കൂള്‍-കോളേജ് പരിസരങ്ങള്‍, ചന്തകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇരു ചക്രവാഹനങ്ങളിലോ നടന്നോ പട്രോളിംഗ് നടത്തും.

വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിക്കുന്ന നിലവിലുള്ള സംവിധാനം വിപുലീകരിക്കും. അവര്‍ ഇനിമുതല്‍ താലൂക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുമായി ചേര്‍ന്ന് നിയമ അവബോധന ക്ലാസുകള്‍ സംഘടിപ്പിക്കും. സന്ദര്‍ശനത്തിനിടെ അവര്‍ കാണുന്ന പരാതിക്കാരുടേയും സ്ത്രീകളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെ ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി ക്രൈംഡ്രൈവ് ആപ്പില്‍ ഉള്‍പ്പെടുത്തും. മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ക്ക് ഈ വിവരങ്ങള്‍ നേരിട്ട് നിരീക്ഷിക്കാന്‍ കഴിയും.

എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ പോലീസ് സ്റ്റേഷനുകള്‍ കേസ് അന്വേഷണത്തിലും സഹായിക്കും. ഇക്കാര്യം ജില്ലാ പോലീസ് മേധാവി ഉറപ്പുവരുത്തും. വനിതാ സെല്ലുകളില്‍ നിന്നുള്ള ഒരു വനിതാ ഇന്‍സ്പെക്ടറെ ഉള്‍പ്പെടുത്തി റെയ്ഞ്ച് തലത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്ന അന്വേഷണസംഘത്തിന് രൂപം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ഗുരുതരമായ കേസുകള്‍ ഇനിമുതല്‍ ഈ സംഘം അന്വേഷിക്കും.

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലകളിലും നിലവിലുള്ള വനിതാ സ്വയം പ്രതിരോധ പരിശീലന സംവിധാനത്തിലെ പരിശീലകര്‍ക്ക് പരമാവധി സ്കൂളുകളിലും കോളേജുകളിലും പഞ്ചായത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനം നല്‍കും. ഇക്കൊല്ലം അവസാനത്തോടെ വലിയ ജില്ലകളില്‍ അഞ്ചു ലക്ഷം സ്ത്രീകള്‍ക്കും ചെറിയ ജില്ലകളില്‍ രണ്ടു ലക്ഷം വനിതകള്‍ക്കും പരിശീലനം നല്‍കും.

വനിതകള്‍ക്ക് രാത്രിയാത്ര സുരക്ഷിതമാക്കുന്നതിന് കൊല്ലം സിറ്റിയില്‍ നടപ്പാക്കിയ സുരക്ഷിത എന്ന പരിപാടി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. പോക്സോ കേസുകള്‍, ബാലനീതി നിയമം, സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും. മുതിര്‍ന്ന പൗരന്മാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍കരിക്കും. തനിച്ച് താമസിക്കുന്ന സ്ത്രീകളെയും ശാരീരികവും മാനസികവുമായി വൈകല്യമുള്ള സ്ത്രീകളെയും വനിതാ പോലീസ് സംഘം സന്ദര്‍ശിച്ച് ക്ഷേമാന്വേഷണം നടത്തും. മയക്കുമരുന്നിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ച് പെണ്‍കുട്ടികളുടെ ഇടയില്‍ ബോധവല്‍കരണം നടത്തും.

പട്ടികവര്‍ഗ്ഗവിഭാഗത്തിലെ പെണ്‍കുട്ടികള്‍ സ്കൂള്‍ പഠനം ഇടയ്ക്ക് വച്ച് നിറുത്തുന്നത് അവസാനിപ്പിക്കാന്‍ കുടുംബശ്രീ, ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്കരിക്കും. കുടുംബശ്രീ, തദ്ദേശ ഭരണ വകുപ്പുകള്‍, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് സ്ത്രീധനത്തിനെതിരായി ക്യമ്പെയ്ന്‍ തയ്യാറാക്കും. എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തെരുവു നാടകങ്ങള്‍ അവതരിപ്പിക്കും. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച്, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കുന്നതിന് വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ നടപടിയെടുക്കും.

ലൈംഗിക സമത്വത്തെക്കുറിച്ചും അഭിമാനകരമായ ജീവിതം നയിക്കാന്‍ എല്ലാവര്‍ക്കുമുള്ള അവകാശത്തെക്കുറിച്ചും ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് മാസത്തിലൊരിക്കല്‍ പരിപാടി സംഘടിപ്പിക്കാനാണ് ഉദേശിക്കുന്നത്. ഇത്തരം പരിപാടികള്‍ ജില്ലാതലത്തിലും സംഘടിപ്പിക്കും.

വനിതാ ഹെല്‍പ്പ്ലൈന്‍ ശക്തിപ്പെടുത്തും. വിവിധ സ്ഥലങ്ങളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും പിങ്ക് പട്രോള്‍ സംഘവും അവ നിരീക്ഷിക്കും. ചില്‍ഡ്രന്‍ ഹോം, വനിതാ സദനം, വൃദ്ധസദനം എന്നിവിടങ്ങളില്‍ മൊത്തം വനിതകളുടെ എണ്ണം പകുതിയിലേറെ ആണെങ്കില്‍ അത്തരം സ്ഥലങ്ങള്‍ വനിതാ പോലീസ് സംഘങ്ങള്‍ സന്ദര്‍ശിക്കും.

പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ഐ.സി.റ്റി വിഭാഗം എസ്.പി ഡോ.ദിവ്യ വി.ഗോപിനാഥ്, കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ പൂങ്കുഴലി, വനിതാ ബറ്റാലിയന്‍ കമാണ്ടന്‍റ് ഡി.ശില്‍പ്പ, ശംഖുമുഖം എ.എസ്.പി ഐശ്വര്യ ഡോംഗ്രേ എന്നിവര്‍ അംഗങ്ങളായി സംസ്ഥാനതല സമിതിക്ക് രൂപം നല്‍കി.
#keralapolice #yearofwomensafety #womensafety

PREV
click me!

Recommended Stories

വോട്ട് രേഖപ്പെടുത്തി രാഷ്ട്രീയ നേതാക്കളും കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും, പോളിങ് അവസാന മണിക്കൂറിലേക്ക്; 70 ശതമാനം രേഖപ്പെടുത്തി
കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ