
തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്നാണ് പരാതികളിൽ ആരോപിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നൽകിയത്. തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്നപ്പോൾ ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതി.
രണ്ട് വനിതാ എസ്ഐമാരാണ് പരാതിക്കാർ. തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ ജോലി ചെയ്യുന്നത്. അതീവ രഹസ്യമായി പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പരാതിക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. രണ്ട് പരാതിക്കാരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തു.
ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തലസ്ഥാനത്ത് ഇപ്പോൾ വളരെ പ്രധാനപ്പെട്ട ചുമതലയിലാണ് ഇദ്ദേഹമുള്ളത്. പരാതിക്കാർ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ അജിത ബീഗത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഡിജിപിയോട് ശുപാർശ ചെയ്യേണ്ടി വരും. പരാതി ഇവർക്ക് ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെന്നാണ് വിവരം. എന്നാൽ എന്ത് നടപടിയെടുത്തുവെന്ന് പൊലീസിലെ ഉന്നതർ വ്യക്തമാക്കുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam