
തിരുവനന്തപുരം: തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിലാണ് അവധി. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിർദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ ഫാക്ടറി, പ്ലാന്റേഷൻ മറ്റ് ഇതര വിഭാഗം ജീവനക്കാർക്കും കൂടി പൊതുഅവധി ലഭ്യമാക്കുന്നതിനോ അല്ലെങ്കിൽ അവർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള സൗകര്യം നൽകുന്നതിന് തൊഴിൽ ഉടമകൾക്ക് നിർദ്ദേശം നൽകുന്നതിനോ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. കേന്ദ്ര സർക്കാർ വകുപ്പുകളിലെയും, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ കേന്ദ്ര പേഴ്‌സണൽ ആൻഡ് ട്രെയിനിങ് വകുപ്പിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബർ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam