മഴ കുറയുന്നു, ജലനിരപ്പ് താഴുന്നു; എങ്കിലും ജാഗ്രത തുടരണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Aug 10, 2020, 6:36 PM IST
Highlights

പൊതുവില്‍ സംസ്ഥാനത്ത് അപകടാവസ്ഥ കുറയുന്നു. എങ്കിലും ജാഗ്രത തുടരണം എന്ന് നിര്‍ദേശിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വരും ദിവസങ്ങളില്‍ പൊതുവേ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്നും നാളെയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര പ്രദേശങ്ങളില്‍ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ മലയോര മേഖലകളില്‍ ജാഗ്രത തുടരണം' എന്നും പിണറായി വിജയന്‍ ഓര്‍മ്മിപ്പിച്ചു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

'മൂഴിയാര്‍ പമ്പ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നുണ്ട്. ആലപ്പുഴയിൽ 74 ക്യാമ്പുണ്ട്. 4449 പേരാണ് ക്യാമ്പിലുള്ളത്. കോട്ടയത്ത് 5647 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറിലും ജലനിരപ്പ് ആശങ്കാജനകമായി തുടരുകയാണ്. ചെല്ലാനത്ത് അതിശക്തമായ കടൽക്ഷോഭമുണ്ടായി. പാലക്കാട് മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതാ പ്രദേശത്തുനിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. വയനാട്ടിൽ മഴ കുറഞ്ഞിട്ടുണ്ട്. ബാണാസുര അണക്കെട്ടിലടക്കം സ്ഥിതി നിയന്ത്രണ വിധേയമാണ്. 4217 അംഗങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക് പ്രകാരം ഓഗസ്റ്റ് മാസത്തില്‍ സാധാരണ കിട്ടുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്. എന്നാല്‍ കഴിഞ്ഞ 10 ദിവസം(ഓഗസ്റ്റ് 1-10) 476 മില്ലിമീറ്റര്‍ മഴയാണ്. ഈ മാസം ആകെ കിട്ടേണ്ട മഴയില്‍ കൂടുതല്‍ ഇപ്പോള്‍തന്നെ കിട്ടി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ആവര്‍ത്തിക്കുന്നു. ജലസേചന വൈദ്യുതി വകുപ്പുകളുടെ ചില ചെറിയ അണക്കെട്ടുകള്‍ നിയന്ത്രിതമായ അളവില്‍ പുറത്തേക്കൊഴുക്കുന്നുണ്ട്. അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരയിലുള്ളവരും ജാഗ്രത തുടരണം. 

മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളില്‍ നിന്ന് വേഗത്തില്‍ ജലം കടലിലേക്ക് ഒഴുകുന്നുണ്ട്. കേന്ദ്ര ജലകമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പുള്ള അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികളില്‍ ജലനിരപ്പ് അപകടകരമായി നിലവിലുള്ളത്. ഇവിടങ്ങളിലും ജലനിരപ്പ് കുറയുന്ന പ്രവണതയാണ് ഇന്ന് പകല്‍ കാണിക്കുന്നത്. പൊതുവില്‍ സംസ്ഥാനത്ത് അപകടാവസ്ഥ കുറയുന്നു. എങ്കിലും ജാഗ്രത തുടരണം.  

പ്രളയം തടയാൻ സര്‍ക്കാര്‍ നേരത്തെ തന്നെ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കുട്ടനാടാണ് ഇതിൽ പ്രധാനം. പത്തനംതിട്ടയിലും കോട്ടയത്തും മഴ കിട്ടി വെള്ളം പൊങ്ങിയാൽ കുട്ടനാട്ടിൽ ക്രമാതീതമായി വെള്ളമെത്തും. അതിൽ പമ്പ അച്ചൻകോവിൽ നദികളിലെ വെള്ളം കടലിലേക്ക് പുറന്തള്ളുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കഴിഞ്ഞ വര്‍ഷം മുപ്പത് മീറ്റര്‍ വീതിയിൽ മുറിച്ചിരുന്ന പൊഴി ഇത്തവണ 360 മീറ്ററാക്കി. ഇത് ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ' എന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് 37 വീടുകൾ പൂർണ്ണമായും തകർന്നു, പത്തനംതിട്ടയിൽ 125 ദുരിതാശ്വാസ ക്യാമ്പുകള്‍

തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതിയിൽ 37 വീടുകൾ പൂർണ്ണമായും തകർന്നു. 583 പേരെ മാറ്റി പാര്‍പ്പിച്ചു. 5785 ഹെക്ടര്‍ കൃഷി നശിച്ചു. നീണ്ടകര അഴീക്കൽ മേഖലയിൽ നിന്ന് 55 മത്സ്യതൊഴിലാളികൾ കൂടി പത്തനംതിട്ട ജില്ലയിലെത്തി. അറിയിപ്പ് ലഭിച്ച ഉടനെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. പത്തനംതിട്ടയിൽ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 4657 പേരെ മാറ്റി പാര്‍പ്പിച്ചു. അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള 400 പേരും ഇവരുടെ കൂട്ടത്തിലുണ്ട്.

സംസ്ഥാനത്ത് ഇന്ന് 1184 കൊവിഡ് കേസുകള്‍; 784 പേര്‍ക്ക് രോഗമുക്തി

click me!