
തൃശൂര്‍:കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപി (53)ന്‍റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിൽ കാണാതായിരുന്ന പടന്ന പാലക്കപ്പറമ്പിൽ സന്തോഷിന്‍റെ (38) മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലായിരുന്നു അപകടമുണ്ടായത്. വഞ്ചിയിലുണ്ടായിരുന്ന അജേഷ്, ബൈജു എന്നിവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റും മഴയും ആണ് വഞ്ചി മറിയാൻ കാരണം. കൊടുങ്ങല്ലൂർ പൊലീസും അഴീക്കോട് തീരദേശ പൊലീസും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയെങ്കിലും പ്രദീപിന്‍റെ മൃതേഹം കണ്ടെത്താനായിരുന്നില്ല. സ്‌കൂബ ടീമും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നു. കൊടുങ്ങല്ലൂർ ചാവക്കാട് മേഖലയിൽ കടലേറ്റം രൂക്ഷമാണ്. ഇന്ന് രാവിലെ ബോട്ടിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ മറ്റു ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.