
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീടുകള്‍ ഉള്‍പ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ - റെയില്‍ വന്നേ മതിയാകൂവെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒറ്റ രാത്രി മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ 300 കിലോ മീറ്റര്‍ ദൂരത്തില്‍ എംബാങ്‌മെന്റും 200 കിലോ മീറ്റര്‍ ദൂരത്തില്‍ പത്ത് അടി ഉയരത്തില്‍ രണ്ട് വശത്തും മതിലും കെട്ടിയാല്‍ എന്തായിരിക്കും കേരളത്തിലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ എല്ലാ വികസനപ്രവര്‍ത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്‍പന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡച്ച് മോഡല്‍ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡല്‍? ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങള്‍ മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പുകളിലായത്. ദുരിതത്തില്‍പ്പെട്ടവര്‍ക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തിര ധനസഹായം സര്‍ക്കാര്‍ നല്‍കണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം.
കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാന്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകണം. മഴ പെയ്താല്‍ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളൊന്നും സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പോലുമില്ലെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മഴയില്‍ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും സന്ദര്‍ശനം നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam