അതിശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, കോട്ടയത്ത് ഭാഗികം, മൂന്ന് താലൂക്കുകളിൽ മാത്രം

Published : Jul 24, 2025, 10:23 PM IST
school holiday

Synopsis

ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയത്ത് മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും ഒരു ജില്ലയില്‍ ഭാഗികമായും നാളെ (25-07-2025 വെള്ളിയാഴ്ച) അവധി. ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടര്‍ അവധി നൽകിയിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലാണ് അവധി. നാളെ ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപനം.

അതേസമയം, സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ തുടരും. നാളെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. 28-ആം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ ശക്തി കൂടിയ ന്യുനമർദ്ദമായി മാറാനും സാധ്യതയുണ്ട്.

കോട്ടയം ജില്ലയിലെ അവധി അറിയിപ്പ്

ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

ഇടുക്കിയിലും അവധി

ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (25) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ,മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതണ്. എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ വി വിഗ്നേശ്വരി അഭ്യർത്ഥിച്ചു.

എറണാകുളത്തെ അവധി അറിയിപ്പ്

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച്ച (ജൂലൈ 25) അവധി ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂലൈ 25) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്