ബംഗാള്‍ ഉള്‍ക്കടലിന് മുകളിൽ ചക്രവാതച്ചുഴി, 24 മണിക്കൂറിനുള്ളിൽ ന്യൂനമര്‍ദമാകും; അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

Published : Jun 25, 2025, 03:56 PM IST
rain map

Synopsis

ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. അടുത്ത അ‍ഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്കൻ ആന്ധ്രാപ്രദേശിന്‍റെയും തെക്കൻ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

ഇന്നും നാളെയും (ജൂൺ 25, 26) ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും ജൂൺ 25 മുതൽ 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ജൂൺ 26 മുതൽ 28 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, സംസ്ഥാനത്തെ മലബാര്‍ ജില്ലകളിലടക്കം കനത്ത മഴ തുടരുകയാണ്. ഇടുക്കിയിലെ മലയോര മേഖലയിലടക്കം ശക്തമായ മഴയാണ് ലഭിക്കുന്നത്.ഓറഞ്ച് അലോട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇടുക്കിയിൽ നിയന്ത്രണമേര്‍പ്പെടുത്തിയത്. ജല വിനോദങ്ങൾക്കും സാഹസിക വിനോദങ്ങൾക്കും 25, 26 തീയതികളിൽ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കിയിൽ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.

വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ശക്തമായ മഴയ്ക്ക് പിന്നാലെ നാട്ടുകാര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. പുന്നപ്പുഴയിൽ വലിയ രീതിയിലുള്ള മലവെള്ളപ്പാച്ചിലാണുണ്ടായത്. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോ​ഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. അതേസമയം, മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും നിലവിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മണ്ണൊഴുകി വരുന്നത് മൂലമാണ് ചളിവെള്ളം പുഴയിലൂടെ എത്തുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം