
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം.
ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 ാം തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലര്‍ട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.
ട്രെയിനുകള്‍ വൈകിയോടുന്നു
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam