സംസ്ഥാനത്ത് മഴ കനക്കുന്നു; ഇരട്ട ന്യൂനമർദ്ദ ഭീഷണി, ജില്ലകളിൽ ഓറഞ്ച്-യെല്ലോ അലർട്ട്; തുലാവർഷം ശക്തമായി തുടരും

Published : Oct 20, 2025, 04:49 AM IST
kerala rain

Synopsis

സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ഇരട്ട ന്യൂനമർദ്ദങ്ങൾ തുലാവർഷം ശക്തമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള അറിയിപ്പ്. ഇന്ന് എറണാകുളത്തും ഇടുക്കിയിലും ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് ഈ ദിവസങ്ങളിൽ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളിൽ നിന്നുള്ള മുന്നറിയിപ്പിൽ പറയുന്നത്. കേരളാ തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, കേരള-കർണാടക തീരത്തിന് സമീപത്തായി നിലനിൽക്കുന്ന ന്യൂനമർദ്ദം ശക്തി കൂടി അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഇതും പിന്നീട് തീവ്രന്യൂനമർദ്ദമായി മാറാനാണ് സാധ്യത. ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരും.

മഴയോടൊപ്പം ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആവശ്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക. കഴിവതും ഇടിമിന്നലുള്ള സമയങ്ങളിൽ കെട്ടിടങ്ങൾക്കുള്ളിൽ തുടരാൻ ശ്രമിക്കുക. മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക. കൂടാതെ, മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപെരിയാർ അണകെട്ട് തുറന്നതിനാൽ അണക്കെട്ടിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത