യാത്രക്കാർ നേരത്തേ പുറപ്പെടണമെന്ന് പൊലീസ്; തിരുവനന്തപുരത്ത് വൻ ഗതാഗത നിയന്ത്രണം; രാഷ്ട്രപതിയുടെ സന്ദർശനം നാളെ മുതൽ

Published : Oct 20, 2025, 02:34 AM IST
Kerala Police

Synopsis

രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പ്. നാളെയാണ് തിരുവനന്തപുരം നഗരത്തിലും കഴക്കൂട്ടം വരെയുള്ള ഭാഗത്തും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. റോഡുകളിൽ തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കണമെന്ന് പൊലീസിൻ്റെ മുന്നറിയിപ്പിൽ പറയുന്നു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മു കേരളത്തിലെത്തുന്നത്. രാജ്യത്തിൻ്റെ പ്രഥമ പൗരയുടെ സുരക്ഷ സംബന്ധിച്ച പരിശീലനങ്ങളുടെ ഭാഗമായാണ് നാളെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ 11 മണി മുതല്‍ ശംഖുംമുഖം- ആള്‍സെയിന്‍റ്സ്-ചാക്ക–പേട്ട-ജനറല്‍ ആശുപത്രി- ആശാന്‍ സ്ക്വയര്‍- വേള്‍‍‍ഡ്‍വാര്‍-മ്യൂസിയം - വെള്ളയമ്പലം - കവടിയാര്‍ റോഡിൽ ഗതാഗത നിയന്ത്രണമുണ്ടാകും. ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കല്‍ - അനന്തപുരി ആശുപത്രി -ഈഞ്ചയ്ക്കല്‍ - മിത്രാനന്ദപുരം - എസ് പി ഫോര്‍ട്ട് - ശ്രീകണ്ഠേശ്വരം പാര്‍ക്ക് - തകരപ്പറമ്പ് മേല്‍പ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂര്‍ ഫ്ലൈഓവര്‍ - തൈയ്കക്കാട് -വഴുതയ്ക്കാട് - വെള്ളയമ്പലം റോഡിലും,വെള്ളയമ്പലം-മ്യൂസിയം-കോര്‍പ്പറേഷന്‍ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷന്‍-വിമന്‍സ്‍കോളേജ് റോഡിലും നിയന്ത്രണമുണ്ട്. കവടിയാര്‍ - കുറവന്‍കോണം - പട്ടം - കേശവദാസപുരം - ഉള്ളൂര്‍ - ആക്കുളം - കുഴിവിള - ഇന്‍ഫോസിസ് - കഴക്കൂട്ടം - വെട്ടുറോഡ് റോഡിലും ഗതാഗത നിയന്ത്രണങ്ങളേര്‍പ്പെടുത്തി.

ഈ റോഡുകളില്‍ ഗതാഗത തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമാനത്താവളത്തിലേക്കും റയില്‍വേ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാര്‍ വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണെന്നും പൊലീസ് അറിയിച്ചു. ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിലേക്ക് 9497930055, 04712558731 നമ്പറുകളില്‍ ബന്ധപ്പെടാം. ചൊവ്വാഴ്ചയാണ് രാഷ്ട്രപതി ദ്രൗപദി മുർമ്മു തലസ്ഥാനത്തെത്തുന്നത്. രാജ്ഭവനിലെ പ്രസിഡൻഷ്യൽ സ്യൂട്ടിലായിരിക്കും രാഷ്ട്രപതിയുടെ താമസമെന്നാണ് വിവരം. നേരത്തെ രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്ഭവനിലെത്തിയപ്പോഴും ഒരുദിവസം ഇവിടെ തങ്ങിയിരുന്നു.

നാളെ വൈകിട്ട് ആറരയ്ക്ക് തിരുവനന്തപുരത്തെത്തുന്ന രാഷ്ട്രപതി ശബരിമല സന്ദർശനം ഉൾപ്പടെ പൂർത്തിയാക്കിയാണ് മടങ്ങുക. ബുധനാഴ്‌ചയാണ് ശബരിമല സന്ദർശനം. 23ന് രാജ്ഭവനിൽ കെ.ആർ നാരായണന്‍റെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്യും. അതേ ദിവസം ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദിയിൽ മുഖ്യാതിഥിയാകും. വൈകുന്നേരം പാലാ സെന്‍റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ പങ്കെടുക്കും. 24ന് കൊച്ചി സെന്‍റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷത്തിൽ മുഖ്യാതിഥിയാകും. തുടർന്ന് വൈകുന്നേരം 4.15ന് പ്രത്യേക വ്യോമസേനാ വിമാനത്തിൽ രാഷ്ട്രപതി ദില്ലിക്ക് തിരിച്ചുപോകും എന്നാണ് അറിയിച്ചിരിക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണക്കുകൾ വ്യക്തം, 2020 ത്തിനേക്കാൾ കുറവ്, ആദ്യഘട്ട തദ്ദേശ തെര‍ഞ്ഞെടുപ്പിൽ 70.91 % പോളിങ്
എല്ലാം സിസിടിവി കണ്ടു; കാസർകോട് പൊലീസിൻ്റെ വ്യാജ എഫ്ഐആറിനെതിരെ പരാതിയുമായി 19കാരി; എസ്ഐക്ക് കുരുക്ക്