
തിരുവനന്തപുരം: കാലവർഷം ശക്തമായി പെയ്യുമ്പോഴും ഇതുവരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് 12 ശതമാനം മഴക്കുറവ്. 1043.7 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 922.6 മില്ലി മീറ്ററാണ് ലഭിച്ചത്. ജൂണിലെ മഴക്കുറവ് കാരണമാണ് സംസ്ഥാനത്തൊട്ടാകെ മഴക്കുറവുണ്ടാകാൻ കാരണം. എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത്. എറണാകുളത്ത് 26 ശതമാനവും ഇടുക്കിയിൽ 28 ശതമാനവുമാണ് മഴക്കുറവ്. വയനാട്ടിൽ 24 ശതമാനം കുറവും രേഖപ്പെടുത്തി. ജൂൺ ഒന്ന് മുതൽ ജൂലൈ 18 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇതുവരെ കണ്ണൂരാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. കണ്ണൂരിൽ 12 ശതമാനം അധികം മഴ പെയ്തു. ഇതുവരെ 1595.5 മില്ലി മീറ്റർ മഴയാണ് കണ്ണൂരിൽ പെയ്തത്. 11 ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിച്ചു.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കനത്ത മഴയെ തുടർന്ന് അവധി നൽകിയിരിക്കുന്നത്. കണ്ണൂർ, വയനാട്, പാലക്കാട്എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോട് കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള സ്കൂളുകൾക്കും മാത്രം അവധിയാണ്. ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്ക്, ചിന്നക്കനാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മലപ്പുറത്ത് അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറത്ത് മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുകയാണ്. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam