
തിരുവനന്തപുരം: ശബരിമലയിൽ കേരള സദ്യ നൽകുന്നത് വൈകും. നാളെ മുതൽ സദ്യ നൽകാനായിരുന്നു തീരുമാനം. അന്നദാനത്തിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയാകാത്തതാണ് സദ്യ നൽകുന്നത് വൈകാൻ കാരണം. നിയമപരമായ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ. ഈ മാസം അഞ്ചിന് നടക്കുന്ന ദേവസ്വം ബോർഡ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക.
നാളെ മുതൽ ശബരിമലയിൽ കേരള സദ്യ നൽകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ നേരത്തെ അറിയിച്ചിരുന്നു. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ അടങ്ങുന്ന സദ്യയായിരിക്കും ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതൽ ആരംഭിക്കുന്ന സദ്യ മൂന്ന് മണി വരെയും ഉണ്ടാകുമെന്നും സ്റ്റീൽ പ്ലേറ്റും സ്റ്റീൽ ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്നും അറിയിച്ചിരുന്നു. പുതിയ സമീപനത്തിന്റ ഭാഗമായാണ് ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുന്നതെന്നും ശബരിമലയിൽ എത്തുന്ന ഓരോ ഭക്തനെയും പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ജയകുമാർ പറഞ്ഞിരുന്നത്.