
തിരുവനന്തപുരം: അവയവദാന ഏജൻസിയായ കെ.സോട്ടോയെ വിമർശിച്ച് പോസ്റ്റിട്ട ഡോ. മോഹൻദാസ് കെ. സോട്ടോയിൽ നിന്ന് രാജിവച്ചു. പദ്ധതിയെ വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ആരോഗ്യവകുപ്പ് വിശദീകരണം ചോദിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാണ് രാജിപ്രഖ്യാപനം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം മേധാവിയാണ് ഡോ. മോഹൻദാസ്. കെ.സോട്ടോയുടെ സൗത്ത് സോൺ നോഡൽ ഓഫീസർ പദവിയിൽ നിന്നാണ് രാജിവെച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം ഡോ.ഹാരിസ് ചിറയ്ക്കൽ വെളിപ്പെടുത്തിയതിന് പിന്നാലെ കെ.സോട്ടോയെ വിമർശിച്ച് ഡോ.മോഹൻദാസും ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. കെ.സോട്ടോ പ്രവർത്തനം പരാജയമെന്നായിരുന്നു വിമർശനം. പോസ്റ്റ് ചർച്ചയായതോടെ ഫേസ്ബുക്ക് കുറിപ്പ് പിൻവലിച്ചു.
പരസ്യവിമർശനങ്ങൾ തുടർച്ചയായതോടെ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരണം വിഷയം ഉന്നയിക്കരുതെന്ന് കാട്ടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സർക്കുലറും ഇറക്കിയിരുന്നു. കഴിഞ്ഞ ആഗസ്റ്റിലാണ് കെ. സോട്ടോ പരാജയമാണെന്ന് വ്യക്തമാക്കി ഡോ. മോഹൻദാസ് ഫേസ്ബുക്ക് കുറിപ്പിട്ടത്. അന്നത്തെ ഫേസ്ബുക്ക് കുറിപ്പിൽ ആരോഗ്യവകുപ്പ് ഡോ. മോഹൻദാസിനോട് വിശദീകരണം തേടിയിരുന്നു. സർക്കാരിനെ അപകീർത്തിപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരണം നൽകിയതിന് ശേഷമാണ് കെ. സോട്ടോയിൽ നിന്നും ഇപ്പോള്‍ ഡോ. മോഹൻദാസ് രാജിവെച്ചത്. തികച്ചും വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ കെ. സോട്ടോ സൗത്ത് സോണ്‍ നോഡൽ ഓഫീസര്‍ പദവിയിൽ നിന്ന് രാജവെക്കുകയാണെന്നാണ് പോസ്റ്റിലുള്ളത്.
ഇനി മുതൽ കെ. സോട്ടോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പോസ്റ്റിലുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തനിക്ക് നൽകുന്ന മൗലികാവകാശമാണെന്നും താൻ ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നുവെന്നുമാണ് ഡോ. ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം, രാജിയിൽ ആരോഗ്യവകുപ്പ് പ്രതികരിച്ചിട്ടില്ല. 2016ന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്കമാറ്റ ശസ്ത്രക്രിയ രണ്ടക്കം കടന്നിട്ടില്ലെന്നത് അടക്കം ചൂണ്ടിക്കാട്ടിയാണ് ഡോ.മോഹൻദാസ് വകുപ്പിന് വിശദീകരണം നൽകിയത്. ഡോ.ഹാരിസിന്‍റെ വിമർശനങ്ങൾ ഇപ്പോഴും ചർച്ചയായി തുടരുന്നതിനിടെയാണ് ഡോ.മോഹൻദാസിന്‍റെ വിമർശനവും രാജിയും.
അന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ വിമര്‍ശനം ഉന്നയിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അന്നത്തെ സംഭവങ്ങള്‍ക്കുശേഷം അടുത്തിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വേണു എന്ന രോഗിയെ തറയിൽ കിടത്തിയ സംഭവത്തിലും രൂക്ഷവിമര്‍ശനവുമായി ഡോ. ഹാരിസ് ചിറയ്ക്കൽ രംഗത്തെത്തിയിരുന്നു. ധാരാളം മെഡിക്കൽ കോളേജുകള്‍ തുടങ്ങിയിട്ടും കാര്യമില്ലെന്നും നിലവിലുള്ള മെഡിക്കൽ കോളേജുകള്‍ ശക്തിപ്പെടുത്തണമെന്നുമായിരുന്നു ഹാരിസിന്‍റെ വിമര്‍ശനം. വേണുവിനെ തറയിലാണ് കിടത്തിയിരുന്നതെന്നും ആധുനിക സംസ്കാരത്തിൽ എങ്ങനെ തറയിൽ കിടത്തി ചികിത്സിക്കുമെന്നും ഹാരിസ് ചോദിച്ചിരുന്നു. മതിയായ ചികിത്സ ലഭിക്കാതെ പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ ചികിത്സാവീഴ്ചയില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. ചികിത്സയിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ മൊഴി നൽകിയിരുന്നു. എന്നാൽ, മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ ലഭിക്കാതെയാണ് വേണു മരിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.