പ്രതികൂല കാലാവസ്ഥ മറികടന്ന് ദൗത്യം സംഘത്തിന്‍റെ പരിശ്രമം; കേരള തീരത്ത് തീപിടിച്ച കപ്പല്‍ ആഴക്കടലിൽ എത്തിച്ചു

Published : Jun 15, 2025, 01:24 PM IST
Wan Hai 503 Fire

Synopsis

കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍.

കൊച്ചി: കേരളതീരത്ത് കടലില്‍ കത്തിയ വാന്‍ ഹായ് കപ്പലിനെ സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

തീപിടുത്തമുണ്ടായി ആറ് ദിവസമാകുമ്പോൾ ദൗത്യ സംഘത്തിന്റെ നിയന്ത്രണത്തിലാണ് കപ്പൽ. കടലില്‍ കാണാതായ നാല് പേര്‍ക്കായി തെരച്ചില്‍ ഇന്നും തുടരുന്നുണ്ട്. കൊച്ചി തീരത്ത് നിന്ന് 57 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് കപ്പലിപ്പോൾ. കപ്പലിന്റെ ഡെക്കിലിറങ്ങി ഓഫ് ഷോർ വാരിയർ എന്ന ടഗ്ഗുമായി ഇരുമ്പുവടം ഉപയോഗിച്ച് ബന്ധിപ്പിക്കാൻ ദൗത്യ സംഘത്തിനായതാണ് അപകടസാധ്യത കുറച്ചത്. ഒരു വടം കൂടി കെട്ടാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതാണ് ഉൾക്കടലിലേക്ക് കപ്പൽ മാറ്റുന്നതിന്റെ വേഗത കുറച്ചിട്ടുണ്ട്. അപകടം പിടിച്ച രാസമാലിന്യങ്ങളാണ് ദിവസങ്ങളോളം നിന്ന് കത്തിയത്. ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പടെ അവഗണിച്ച് ദൗത്യം സംഘം നടത്തിയ ശ്രമങ്ങൾ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശമിച്ചിട്ടില്ല.

കനത്ത മഴയും കാറ്റിനുമിടയിൽ കപ്പൽ പരമാവധി ദൂരെ ഉൾക്കടലിലേക്ക് മാറ്റിയെങ്കിലും കണ്ടൈനറുകൾ നീക്കം ചെയ്യുന്നതിൽ ഇനിയും തീരുമാനമെടുക്കേണ്ടതുണ്ട്. നാവികസേന കപ്പലായ ഐഎൻഎസ് ശാരദ, കോസ്റ്റുഗാർഡ് പട്രോൾ യാനങ്ങളായ സക്ഷം, സമർത്ഥ്, വിക്രം എന്നിവയും വാൻ ഹായിയെ അനുഗമിക്കുന്നുണ്ട്. തീപ്പിടുത്തം ഉണ്ടായപ്പോൾ കടലിലേക്ക് മറിഞ്ഞ കണ്ടൈനറുകൾ നാളെ മുതൽ തീരമടിയുമെന്നാണ് കോസ്റ്റ്ഗാർഡും ഐടിഒപിഎഫ് (ITOPF) നൽകുന്ന മുന്നറിയിപ്പ്. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ കൊല്ലം ജില്ലകളുടെ തീരത്തേയ്ക്കുമാണ് ഇവയുടെ ഒഴുക്കെന്നാണ് വിലയിരുത്തൽ. കപ്പലിൽ നിന്ന് വീണതെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടാൽ അകലം പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. 200 മീറ്റർ അകലം നിർബന്ധമായും പാലിക്കണം, കണ്ടൈനറുകളുടെ സാന്നിദ്ധ്യം അറിഞ്ഞാൽ 112 എന്ന നമ്പറിൽ അറിയിക്കണമെന്നുമാണ് നിർദ്ദേശം.

അതേസമയം, കൊച്ചി തീരത്ത് മുങ്ങി കിടക്കുന്ന എം എസ് സി എൽസ കപ്പലിൽ നിന്ന് എണ്ണ നീക്കാനുള്ള നടപടി തുടരുകയാണ്. മോശം കാലാവസ്ഥ സാൽവേജ് പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഈ സംഭവത്തിൽ കേസെടുത്ത കോസ്റ്റൽ പൊലീസ് ജീവനക്കാരുടെയടക്കം മൊഴി രേഖപ്പെടുത്ത നടപടികളിലാണ്. എന്നാൽ പത്ത് ജീവനക്കാർ കൊവിഡ് ബാധിച്ച് ക്വാറന്റീനിലായതും നടപടികളുടെ വേഗത കുറയ്ക്കുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'
യുഡിഎഫ് അതിജീവിതയ്ക്കൊപ്പം അല്ലെന്ന് വ്യക്തമായി; അടൂര്‍ പ്രകാശിന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി പി രാജീവ്