'എഴുതി നൽകിയ പാട്ട് ക്ലീഷേ അല്ല,അത് പോപ്പുലറാക്കി കാണിക്കും', സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

Published : Feb 04, 2024, 10:45 AM IST
'എഴുതി നൽകിയ പാട്ട് ക്ലീഷേ അല്ല,അത് പോപ്പുലറാക്കി കാണിക്കും', സച്ചിദാനന്ദനെതിരെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി

Synopsis

കേരള ഗാനവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കില്ലെന്നും സാഹിത്യ അക്കാദമിയും സർക്കാരുമായി ഇനി സഹകരിക്കില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു

തിരുവനന്തപുരം:കേരള ഗാന വിവാദത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദനെ തുറന്നടിച്ച് ശ്രീകുമാരൻ തമ്പി. എഴുതി നല്‍കിയ പാട്ട് ക്ലീഷേ അല്ലെന്നും അത് പോപ്പുലറാക്കി കാണിക്കുമെന്നും ശ്രീകുമാരൻ തമ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശ്രീകുമാരൻ തമ്പിയുടെ ഗാനം നിരാകരിച്ചുവെന്നും അദ്ദേഹത്തിന്റെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള സച്ചിദാനന്ദന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സാഹിത്യ അക്കാദമിക്കും അധ്യക്ഷനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ശ്രീകുമാരൻ തമ്പി രംഗത്തെത്തിയത്. ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ല. സാഹിത്യ അക്കാദമിയും സർക്കാരുമായി ഇനി സഹകരിക്കില്ല.

പാട്ട് നിരാകരിച്ച കാര്യം അക്കാദമി അറിയിച്ചിട്ടില്ല. പാട്ട് എഴുതി നൽകിയ ശേഷം രണ്ടാമത് മാറ്റി എഴുതി നൽകി. അത് നന്നായി എന്നാണ് സെക്രട്ടറി അറിയിച്ചത്. പരസ്യമായി സച്ചിദാനന്ദന്‍ അപമാനിച്ചു. സച്ചിദാനന്ദൻ പ്രതികാരം തീര്‍ക്കുകയാണ്. സ്വന്തം പേരിന്‍റെ അർത്ഥം പോലും അറിയാത്ത ആളാണ് അയാൾ. സ്വയം പ്രഖ്യാപിത അന്തർ ദേശീയ കവി ആണ് സച്ചിദാനന്ദൻ. എഴുതിയ നൽകിയ പാട്ട് ക്‌ളീഷേ അല്ല. അപമാനിക്കാൻ അബൂബക്കർ കൂട്ട് നിന്നു. താൻ 3000 ത്തോളം പാട്ട് എഴുതിയിട്ടുണ്ട്. ക്‌ളീഷേ എഴുതുന്ന ആൾക്ക് ഇത് സാധ്യം ആകുമോയെന്നും ശ്രീകുമാരൻ തമ്പി ചോദിച്ചു. ഹരിനാരായണൻ നല്ല എഴുത്തുകാരനാണ്. അങ്ങനെ ആണെങ്കില്‍ അയാളെ മാത്രം വിളിച്ചാൽ പോരായിരുന്നോ?. എന്തിനു എഴുതാൻ പറഞ്ഞു തന്നെ അപമാനിച്ചു?

പാട്ട് മോശം ആണെങ്കിൽ കത്ത് എഴുതി അറിയിക്കണമായിരുന്നു. കത്ത് എഴുതാൻ ഉള്ള ചങ്കൂറ്റം കാണിക്കണമായിരുന്നു.ജനങ്ങൾ എന്‍റെ കൂടെയാണ്. സർക്കാരും അക്കാദമിയും ആയി ഇനി സഹകണം ഇല്ല. ഒരു ചർച്ചക്ക് നിന്ന് കൊടുക്കില്ല. ഈ പാട്ട് പോപ്പുലർ ആക്കി കാണിക്കും. സച്ചിദാനന്ദന്‍റെ വിചാരം സിപിഎം അയാളുടെ കുടുംബ വകയാണ് എന്നാണ്. സാഹിത്യ അക്കാദമിയുടെ ഒരു അവാർഡും സ്വീകരിക്കില്ല. സച്ചിദാനന്ദൻ ഭീരുവും കള്ളനുമാണെന്നും ശ്രീകുമാരൻ തമ്പി ആരോപിച്ചു.

പാട്ടിൽ തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്നായിരുന്നു സച്ചിദാനന്ദന്‍റെ പ്രതികരണം. ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്റെ പേര് നിര്‍ദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞു.

അതിനിടെ ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ പറഞ്ഞത്. വസ്തുതകൾ മനസിലാക്കി പ്രശ്നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സിപി അബൂബക്കര്‍ പറഞ്ഞു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്.

കുത്തനെ വിലക്കയറ്റം, ചെറിയ റേറ്റുമായി ഇനിയും പിടിച്ച് നിൽക്കാനാവില്ല! ജയിൽ വിഭവങ്ങളുടെ വില വർധിപ്പിച്ചു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ