
തിരുവനന്തപുരം: ദേശീയപാത വിധിക്കെതിരെ കേരളം സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ദേശീയപാതക്ക് സമീപം വീടുകൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിക്കും. ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് 40 മീറ്ററിനുള്ളിൽ വീടുകൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യ സ്ഥാപനങ്ങൾക്കും അനുമതി നൽകരുതെന്നായിരുന്നു വിധി. ഉത്തരേന്ത്യയിൽ ഉണ്ടായ വിവിധ വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് വിധി. എന്നാൽ കേരളത്തിലെ ഇത് പ്രത്യേക സാഹചര്യമാണെന്ന് കോടതിയെ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കൂടുതൽ സ്ഥലം വിട്ടുകൊണ്ട് കെട്ടിടനിർമാണം നടത്താൻ കഴിയില്ല. അത് പ്രായോഗികമല്ല. കേരളത്തിന്റെ ആശങ്ക സുപ്രീംകോടതിയെ നേരിട്ട് അറിയിക്കുമെന്നും സംസ്ഥാന സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ 45 മീറ്റർ റോഡിനു പുറമേ ഇരുവശത്തും സർവീസ് റോഡും അതിനോട് ചേർന്ന സ്ഥലങ്ങളും ഒഴിച്ചിടണമെന്ന നിർദേശമാണ് സുപ്രീംകോടതി ഉത്തരവിൽ ഉള്ളത്. ഉത്തരേന്ത്യയിൽ സർവീസ് റോഡിൽ നിന്ന് എവിടെ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കഴിയുന്ന രീതിയായിരുന്നു. പിന്നീട് പരിഷ്കരിച്ച് അടച്ചുകെട്ടിയ നിർമാണരീതിയാണ് കേരളത്തിലടക്കം നടപ്പാക്കിയത്. ഇതനുസരിച്ച് നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ പ്രവേശനം സാധ്യമാകൂ. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയിൽ സംഭവിച്ചതുപോലുള്ള അപകടസാധ്യത കേരളത്തിലില്ല.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടുതലും സ്ഥലം കുറവുമുള്ള സംസ്ഥാനം എന്ന നിലയിൽ കേരളത്തിന് പ്രത്യേക ഇളവ് അനിവാര്യമാണെന്ന ആവശ്യവും ശക്തമാണ്. സുപ്രീംകോടതി നിർദേശം ഭേദഗതി ചെയ്തില്ലെങ്കിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നൂറുകണക്കിന് ഏക്കർ സ്ഥലമുടമകളെയും ആയിരക്കണക്കിന് വീട്ടുകാരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam