മുത്തൂറ്റ് കുടുംബം മുതൽ എസ്‌ഡി ഷിബുലാൽ വരെ: ധനികരിൽ ധനികരായ മലയാളികൾ ഇവർ

By Web TeamFirst Published Oct 8, 2021, 8:11 PM IST
Highlights

ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥുമാണ് പട്ടികയിൽ വൻ കുതിപ്പ് കാഴ്ചവെച്ച മലയാളികൾ. 47ാം സ്ഥാനത്തുള്ള ഇവർക്കിപ്പോൾ 4.05 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്

തിരുവനന്തപുരം: ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയിൽ പ്രവാസി വ്യവസായികളിൽ എം.എ. യൂസഫലിയും രവി പിള്ളയും. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി. അഞ്ചു ബില്യൺ ഡോളറോടെ (37,500 കോടി രൂപ) ഇന്ത്യയിൽ 38–ാം സ്ഥാനത്താണ് അദ്ദേഹം. 

എന്നാൽ അതിസമ്പന്നരായ ഇന്ത്യാക്കാരിൽ യൂസഫലിക്കും മുന്നിലാണ് ഫോർബ്സ് പട്ടികയിൽ മുത്തൂറ്റ് ഫിനാൻസ് കുടുംബം. എംജി ജോർജ്ജ് മുത്തൂറ്റിന്റെ നിര്യാണത്തെ തുടർന്ന് ഈ വർഷം കമ്പനിയുടെ ചെയർമാനായത് അദ്ദേഹത്തിന്റെ സഹോദരൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റാണ്. ഇവർക്ക് 6.4 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഉള്ളത്.

ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുൽനാഥുമാണ് പട്ടികയിൽ വൻ കുതിപ്പ് കാഴ്ചവെച്ച മലയാളികൾ. 47ാം സ്ഥാനത്തുള്ള ഇവർക്കിപ്പോൾ 4.05 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ 4.03 ബില്യൺ ഡോളറുമായി പട്ടികയിൽ 48ാം സ്ഥാനത്താണ്. 2.5 ബില്യൺ ഡോളറുമായി ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും എംഡിയുമായ രവി പിള്ള പട്ടികയിൽ 89ാം സ്ഥാനത്താണ്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. 

ഇൻഫോസിസ് മുൻ സിഇഒയും മാനേജിങ് ഡയറക്ടറുമായ എസ്‌ഡി ഷിബുലാൽ പട്ടികയിൽ 95ാം സ്ഥാനത്താണ്. റിലയൻസ് ഇന്റസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതുള്ള ഫോർബ്സ് പട്ടികയിൽ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. അടുത്ത വർഷം അദാനിയാകുമോ ഒന്നാമനെന്നാണ് ഇപ്പോൾ ബിസിനസ് ലോകത്തെ പ്രധാന ചോദ്യം. ശിവ് നാടാർ, രാധാകൃഷ്ണ ദമനി, സൈറസ് പൂനാവാല എന്നിവരാണ് ഇന്ത്യയിലെ ആദ്യ അഞ്ച് ധനികരിൽ മറ്റുള്ളവർ.

click me!