കേരള സർവകലാശാല മോഡറേഷൻ തട്ടിപ്പ്: കമ്പ്യൂട്ടർ സെൽ ഡയറക്ടർ സസ്പെൻഷനിൽ

Published : Nov 22, 2019, 05:51 PM IST
കേരള സർവകലാശാല മോഡറേഷൻ തട്ടിപ്പ്: കമ്പ്യൂട്ടർ സെൽ ഡയറക്ടർ സസ്പെൻഷനിൽ

Synopsis

മോഡറേഷൻ നൽകിയത് തട്ടിപ്പല്ലെന്നും സോഫ്റ്റ്‍വെയറിന്‍റെ പിഴവാണെന്നുമാണ് വിദഗ്‍ധ സമിതി റിപ്പോർട്ട് പറയുന്നത്. സോഫ്റ്റ്‍വെയർ പുതുക്കണമെന്ന് നിർദേശിച്ചിട്ടും അത് പരിശോധിക്കാത്തതിനാണ് കമ്പ്യൂട്ടർ സെൽ ഡയറക്ടറെ സസ്പെൻഡ് ചെയ്തത്. 

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മോഡറേഷൻ തട്ടിപ്പിൽ ബോധപൂർവം കൃത്രിമം നടന്നിട്ടില്ലെന്നും സോഫ്റ്റ്‍വെയർ പിഴവാണെന്നും ചൂണ്ടിക്കാട്ടി മുഖം രക്ഷിക്കാൻ വിദഗ്‍ധ സമിതി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കമ്പ്യൂട്ടർ സെൽ മേധാവിയെ സസ്പെൻഡ് ചെയ്തു. ഡോ. വിനോദ് ചന്ദ്രനെയാണ് കേരള സർവകലാശാലാ സിൻഡിക്കേറ്റ് സസ്പെൻഡ് ചെയ്തത്. സോഫ്റ്റ്‍വെയർ പുതുക്കണമെന്ന് നിർദേശിച്ചിട്ടും അത് പരിശോധിക്കാത്തതിനാണ് കമ്പ്യൂട്ടർ സെൽ ഡയറക്ടറെ സസ്പെൻഡ് ചെയ്തത്. 

തട്ടിപ്പ് നടന്നതെങ്ങനെ?

2016 മുതൽ 2019 വരെയുള്ള കാലത്തെ ബിരുദ പരീക്ഷ എഴുതിയവർക്കാണ് വാരിക്കോരി മാർക്ക് കിട്ടിയത്. ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‍സി കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്, ബിബിഎ അടക്കം 30  തൊഴിലധിഷ്ഠിത കോഴ്സുകളിലെ മാർക്കിലാണ് തിരിമറി നടത്തിയത്.

പരീക്ഷക്ക് ശേഷം പാസ് ബോർഡ് നിശ്ചയിച്ച മോഡറേഷൻ മാർക്കിലും അധികം മാർക്ക് സർവ്വകലാശാലയുടെ സിസ്റ്റത്തിലെ സോഫ്റ്റ് വെയർ വഴി നൽകുകയായിരുന്നു. ശരാശരി 2 മുതൽ 10 വരെയാണ് വിവിധ പരീക്ഷക്ക് സർവ്വകലാശാല നിശ്ചയിച്ച മോ‍ഡറേഷൻ.

എന്നാൽ രണ്ട് കൊടുക്കേണ്ടിടത്ത് നാലും ആറ് മാർക്ക് കൊടുക്കേണ്ടിടത്ത് എട്ടും പത്തും എന്ന രീതിയിൽ ഇഷ്ടം പോലെയാണ് തിരുത്തിക്കൊടുത്തത്. ഒരു വിദ്യാർത്ഥിക്ക് അധികം കൊടുക്കുന്ന മാർക്ക്, അതേ മോഡറേഷൻ മാർക്ക് വഴി ജയിക്കാനിടയുള്ള സമാന പരീക്ഷയെഴുതിയ മറ്റുള്ളവർക്കും കിട്ടി. അതായത് ഇഷ്ടമുള്ളവർക്കായി നടത്തിയ തിരുത്തലിന്‍റെ ആനൂകൂല്യം ഒരുപാട് പേർക്ക് കൂടി സോഫ്റ്റ് വെയർ സംവിധാനം വഴി കിട്ടി.

പരീക്ഷാ ചുമതലയുണ്ടായിരുന്ന ഒരു ഡെപ്യൂട്ടി രജിസ്ട്രാറുടെ രഹസ്യ പാസ് വേഡ് ഉപയോഗിച്ച് സോഫ്റ്റ്‍വെയറിൽ കയറിയാണ് മാ‍ർക്ക് തിരുത്തിയതെന്നായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇതോടെ തട്ടിപ്പ് കണ്ടെത്തിയ പരീക്ഷ വിഭാഗത്തിലെ 4 പേരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. പക്ഷേ, ഡെപ്യൂട്ടി രജിസ്ട്രാർമാർക്ക് മാത്രം അറിയാവുന്ന പാസ് വേർഡ് കൈമാറി മറ്റ് പലരും ഉപയോഗിച്ചിട്ടുണ്ടാകാമെന്നും സംശയമുണ്ട്.

വിവരം പുറത്തുവന്നതോടെ കേസ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് വിട്ടതിന് പിന്നാലെ അധികമായി മോഡറേഷൻ കിട്ടിയ മുഴുവൻ വിദ്യാർത്ഥികളുടേയും മാർക്ക് ലിസ്റ്റ് റദ്ദാക്കാൻ വൈസ് ചാൻസലർ നിർദേശിച്ചിട്ടുമുണ്ട്. അധികമായി മോഡറേഷൻ ലഭിച്ചപ്പോള്‍ തോറ്റ നൂറിലധികം വിദ്യാർത്ഥികളാണ് ജയിച്ചത്. 

വിദഗ്ധസമിതി റിപ്പോർട്ട് പറയുന്നതെന്ത്?

എന്നാൽ എല്ലാം സോഫ്റ്റ്‍വെയറിന്‍റെ പിഴവെന്നാണ് പ്രൊ-വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ നടന്ന സാങ്കേതിക വിദഗ്ധരടങ്ങുന്ന സമിതിയുടെ കണ്ടെത്തൽ. ബോധപൂർവ്വം കൃത്രിമം നടത്തിയിട്ടില്ലെന്നും ചില പരീക്ഷകളുടെ മോഡറേഷൻ മാർക്ക് കൂടുകയല്ല, കുറയുകയാണ് ചെയ്തതെന്നുമാണ് കണ്ടെത്തൽ.

ഒരു പാസ്‍വേർഡ് ഉപയോഗിച്ച് മാത്രമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും മറ്റ് പാസ്‍വേഡ് ഉപയോഗിച്ചതിന് തെളിവില്ലെന്നും പ്രാഥമിക റിപ്പോർട്ട് പറയുന്നു. സോഫ്റ്റ്‍വെയറിലെ അപകാത ശ്രദ്ധയിൽപ്പെട്ടിട്ടും നടപടി സ്വീകരിക്കാതിരുന്നതിനാണ് കമ്പ്യൂട്ടർ സെൽ ഡയറക്ടർ ഡോ.വിനോദ് ചന്ദ്രനെ സസ്പെൻഡ് ചെയ്യാൻ റിപ്പോർട്ട് പരിശോധിച്ച സിൻ‍ിക്കേറ്റ് യോഗം തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷാ ചുമതലയുളളവർ സ്ഥലം മാറുകയോ വിരമിക്കുകയോ ചെയ്താൽ പാസ്‍വേഡുകൾ നശിപ്പിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തിലും കമ്പ്യൂട്ടർ സെല്ലിന് വീഴ്ച സംഭവിച്ചുവെന്നാണ് സിൻഡിക്കേറ്റിന്‍റെ വിലയിരുത്തൽ. സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങള്‍ സി-ഡാക്കിനെക്കൊണ്ട് പരിശോധിപ്പിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

മാർക്ക് ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട്.  കമ്പ്യൂട്ടറുകൾ സൈബർ ഫൊറൻസികിലേക്ക് പരിശോധനക്ക് അയക്കണമെങ്കിലും ഉദ്യോഗസ്ഥരെ നോട്ടീസയച്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്നും കേസെടുക്കണമെന്നും അന്വേഷണ സംഘം കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. സോഫ്റ്റുവയറിലെ പിഴവും തള്ളിക്കളയാനാകില്ലെന്ന് പൊലീസ് പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ന്യൂനപക്ഷ സംരക്ഷണം ഇടതു നയം'; സമസ്ത വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, 'തലയുയർത്തി ജീവിക്കാനാകണം'
പെൺകുട്ടികൾ കരഞ്ഞ് പറഞ്ഞിട്ടും കല്ല് പോലെ നിന്ന കണ്ടക്ടർ; ഇനി തുടരേണ്ട, പുറത്താക്കി കെഎസ്ആ‍ർടിസി; കടുത്ത നടപടി