
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നാണ് ധവളപത്രം കാണിക്കുന്നതെന്ന് ചാത്തന്നൂർ എംഎൽഎ ബിബി ഗോപകുമാർ. അഞ്ചുവർഷം കൂടുമ്പോൾ സർക്കാരുകൾ ധവളപത്രം ഇറക്കുവെന്നും അതിൽ പറയുന്നത് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ്, രണ്ടു മുന്നണികളും യോജിക്കുന്നത് ഒരു കാര്യത്തിൽ മാത്രമാണ്, കേന്ദ്രസർക്കാർ പണം നൽകുന്നില്ല എന്ന് പറയുന്നതിൽ. കേരളത്തിന്‍റെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇരുമുന്നണികളും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, സ്വന്തം പരാജയം മറച്ചുവെക്കാൻ കേന്ദ്രസർക്കാരിനെ കുറ്റം പറയുന്നു, കിഫ്‌ബി വഴിവരുന്ന കടം തീർക്കേണ്ട ബാധ്യതയും സംസ്ഥാന സർക്കാരിനാണ്, സംസ്ഥാനത്തിന്‍റെ കടബാധ്യതയ്ക്ക് ഉത്തരവാദികൾ ഇതുവരെ സംസ്ഥാനം ഭരിച്ച ഇരുമുന്നണികളും ആണ്. ഇരു മുന്നണികളും പരസ്പരം ഡീൽ ആരോപണമുന്നയിക്കുന്നുണ്ട്. ജനവിധി അംഗീകരിക്കാൻ ഇനിയെങ്കിലും ഇരുകൂട്ടരും തയ്യാറാകണം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വരുമാനത്തിന്‍റെ ഏകദേശം 80 ശതമാനവും ശമ്പളം, പെൻഷൻ, പലിശ അടവ് എന്നിവയ്ക്കാണ് ചെലവാകുന്നതെന്നാണ് ധവളപത്രത്തില്‍ പറയുന്നത്. ഈ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തികമായി നിലനിൽക്കുന്നതല്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. സർക്കാർ ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്രസർക്കാരിന്‍റെ നിലവാരത്തിലേക്ക് ഉയർത്തണമെന്ന് നിർദേശം മുന്നോട്ടുവയ്ക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനുഭവസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്ന പ്രായത്തിലാണു വിരമിക്കുന്നത്. വിരമിക്കൽ പ്രായം ഒരു വർഷം വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ഏകദേശം 6,000 കോടി രൂപയുടെ വിരമിക്കൽ ആനുകൂല്യച്ചെലവ് ലാഭിക്കാനാകുമെന്നും റിപ്പോർട്ട് പറയുന്നു.
കേന്ദ്രസർക്കാരിനെപ്പോലെ പത്തുവർഷത്തിലൊരിക്കൽ മാത്രം ശമ്പള കമ്മീഷൻ നടപ്പാക്കുന്നതും പരിഗണിക്കാവുന്ന നിർദേശമാണ്. അതോടൊപ്പം സർക്കാർ സേവനങ്ങളുടെ കാര്യക്ഷമതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റലൈസേഷൻ എന്ന പേരിൽ പഴയ ഫോമുകളും നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റുന്നതു മാത്രം പോര. നടപടിക്രമങ്ങൾ ലളിതമാക്കിയും ഉപയോക്തൃസൗഹൃദമാക്കിയും യഥാർത്ഥ ഡിജിറ്റൽ പരിഷ്കാരം നടപ്പാക്കണം. ഇതിനായി എല്ലാ വകുപ്പുകൾക്കും മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ ലളിതമാക്കി സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കാൻ ലക്ഷ്യം നിശ്ചയിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam