സുരേഷ് ഗോപിയുടെ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാഭാണ് ആശുപത്രിയ്ക്കായി വിഭാവനം ചെയ്തത്. 33 ലക്ഷം രൂപയുടെ ഫണ്ടാണ് കോർപ്പറേഷന് കീഴിലുള്ള ആശുപത്രിക്കായി അനുവദിച്ചത്.

തൃശ്ശൂർ: തൃശ്ശൂർ എംപിയായി അധികാരമേറ്റശേഷം സുരേഷ് ഗോപി നടത്തിയ ആദ്യ പ്രഖ്യാപനമായിരുന്നു, കോർപ്പറേഷന് കീഴിലുള്ള ജില്ലാ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലാബ്. എംപി ഫണ്ട് അനുവദിച്ച് ഒന്നര വർഷം പിന്നിടുമ്പോഴും പദ്ധതി നടപ്പിലാക്കാൻ കോർപ്പറേഷൻ വേണ്ടത്ര ഉത്സാഹം കാണിച്ചില്ല.

2025 ഫെബ്രുവരി രണ്ടിനാണ് സുരേഷ് ഗോപി തൃശൂരിൽ എംപി ഓഫീസ് തുറക്കുന്നത്. തൊട്ടുപിന്നാലെ ഫെബ്രുവരി അഞ്ചിന് അടിയന്തര പ്രാധാന്യത്തോടെ നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി ലബോറട്ടറി. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ലാഭാണ് ആശുപത്രിയ്ക്കായി വിഭാവനം ചെയ്തത്. 33 ലക്ഷം രൂപയുടെ ഫണ്ടാണ് കോർപ്പറേഷന് കീഴിലുള്ള ആശുപത്രിക്കായി അനുവദിച്ചത്. ദിവസേന ആയിരങ്ങൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ അത്യാധുനിക ലബോറട്ടറി നിലവിൽ ഇല്ല. എന്നിട്ടും കഴിഞ്ഞ എൽഡിഎഫ് ഭരണസമിതിയും പിന്നാലെ വന്ന യുഡിഎഫ് ഭരണസമിതിയും എംപിയുടെ പദ്ധതി നടപ്പിലാക്കാൻ താല്പര്യം കാണിച്ചതുമില്ല.

എൽഡിഎഫ് സർക്കാറിന്റെ സമയത്ത് ആരോഗ്യവകുപ്പ് അനുമതി നൽകുന്നില്ല എന്നായിരുന്നു യുഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ വിശദീകരണം. സർക്കാർ മാറി വന്നപ്പോൾ ആരോഗ്യവകുപ്പ് ആശയക്കുഴപ്പത്തിലാണെന്നാണ് മേയർ പറയുന്നത്. എംപിയുടെ പ്രഖ്യാപനത്തിന് പിന്നാലെ KHRWS ഉം ആശുപത്രിയിൽ ലാബിനായി പദ്ധതിയിട്ടു. രണ്ട് പദ്ധതികളിൽ ഏത് നടപ്പിലാക്കണമെന്ന സംശയം കൊണ്ടാണ് ഫയലുകൾ പിന്നെ അനങ്ങാത്തതെന്നും വിശദീകരണം. പദ്ധതി രാഷ്ട്രീയത്തിന്റെ പേരിൽ കോർപ്പറേഷൻ മനപ്പൂർവ്വം മുടക്കുന്നു എന്നാണ് ബിജെപി ആരോപണം. വാക് പോരുകൾക്കിടെ പദ്ധതിയും പ്രഖ്യാപനവും ഫയലുകളിൽ വിശ്രമിക്കുമ്പോൾ ജനറൽ ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരായ രോഗികൾ വൻ തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

YouTube video player