'അങ്കമാലിയില്‍ അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്‍റെയും അമ്മയുടേയും സംരക്ഷണം ഏറ്റെടുത്ത് വനിതാ കമ്മീഷൻ

By Web TeamFirst Published Jun 25, 2020, 3:01 PM IST
Highlights

ശാശ്വതമായ പരിഹാരം നേപ്പാളിലേക്ക് വിടുക എന്നതാണ്. അതിനാവശ്യമായ നടപടികൾ വനിതാ കമ്മീഷൻ പൊലീസുമായി ചേർന്ന് സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈൻ അറിയിച്ചു.

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്‍റെയും അമ്മയുടേയും സംരക്ഷണം വനിതാ കമ്മീഷൻ ഏറ്റെടുക്കും. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിതത്വം പ്രശ്നമാണ്. ഡിസ്ചാർജ് ആയാൽ ഇരുവരേയും സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റും. ശാശ്വതമായ പരിഹാരം നേപ്പാളിലേക്ക് വിടുക എന്നതാണ്. അതിനാവശ്യമായ നടപടികൾ വനിതാ കമ്മീഷൻ പൊലീസുമായി ചേർന്ന് സ്വീകരിക്കുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷൻ എം സി ജോസഫൈൻ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിൽ സന്ദര്‍ശിച്ച ജോസഫൈൻ കുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർ സോജൻ ഐപ്പുമായി കൂടിക്കാഴ്ച നടത്തി. 

അതേ സമയം കുഞ്ഞിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. സർജറി കഴിഞ്ഞ് മൂന്നാം ദിവസവും കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. കൈകാലുകളുടെ ചലനവും കണ്ണ് തുറക്കുന്നതിന്റെ തോതും മെച്ചപ്പെട്ടു. കണ്ണിന്റെ ഞരമ്പിന്‍റെ പ്രവർത്തനവും ദഹന പ്രക്രിയയും ശരീരോഷ്മാവും സാധാരണ നിലയിലാണ്.

'ശരീരോഷ്‌മാവും നാഡിമിടിപ്പും സാധാരണഗതിയില്‍'; അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്‍റെ ആരോഗ്യനിലയില്‍

കഴിഞ്ഞ പതിനെട്ടാം തീയതിയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. ബോധം നഷ്ടമായ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. അച്ഛൻ ഷൈജു തോമസ് റിമാൻഡിലാണ്. ഭർത്താവുമൊത്ത് തുടർന്ന് ജീവിക്കാൻ താൽപര്യമില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങണമെന്നും അമ്മ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കുഞ്ഞിന്‍റെ വായിൽ ഇയാൾ തുണി കുത്തിത്തിരുകി ഇതിന് മുമ്പും കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. 

click me!