'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി'; യുഡിഎഫ് തരംതാണെന്ന് എം എം മണിയുടെ വിമര്‍ശനം

By Web TeamFirst Published Jun 25, 2020, 2:54 PM IST
Highlights

തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോള്‍ വില വര്‍ധിപ്പിച്ച കേന്ദ്രത്തിനെതിരെ മൗനംപാലിക്കുന്ന യുഡിഎഫ് നേതാക്കള്‍ കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കാന്‍ മത്സരിക്കുകയാണ് എന്ന് എം എം മണി

തിരുവനന്തപുരം: തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോള്‍ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിനെതിരെ യുഡിഎഫ് നേതാക്കള്‍ മൗനം പാലിക്കുകയാണ് എന്ന രൂക്ഷ വിമര്‍ശനവുമായി വൈദ്യുത മന്ത്രി എം എം മണി. 'കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന മനോഭാവത്തിലേക്ക് യുഡിഎഫ് തരംതാണിരിക്കുകയാണ്. അതേസമയം, കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കാന്‍ മത്സരിക്കുകയാണ്' ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ള യുഡിഎഫ് നേതാക്കളെന്നും അദേഹം പേരെടുത്ത് വിമര്‍ശിച്ചു. 

എം എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തുടർച്ചയായ പതിനെട്ടാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുകയും കൊവിഡ് കാരണം കഷ്ടപ്പെടുന്ന ഇന്ത്യക്കാരെ വിദേശത്തുനിന്ന് യഥാസമയം നാട്ടിലെത്തിക്കാൻ ശ്രമിക്കാതിരിക്കുകയും, കൊവിഡ് നിയന്ത്രിക്കുന്ന കാര്യത്തിൽ ശരിയായ നിലപാട് എടുക്കാത്തതു കാരണം അതിൽ പരാജയപ്പെടുകയും ചെയ്ത കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരളത്തിലെ യുഡിഎഫ് നേതാക്കളായ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനും മിണ്ടാട്ടവുമില്ല, പ്രതിഷേധവുമില്ല !

അതേസമയം, കൊവിഡിനെ നേരിടാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ച കേരള സർക്കാരിനും, മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചർക്കും, ലോകമാകെ നിന്നും മുക്തകണ്ഠമായ പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽപ്പോലും ഇവരെ അപമാനിക്കാനും ഇകഴ്ത്തിക്കാണിക്കാനും, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തകിടം മറിക്കാനും മത്സരിക്കുകയാണ് ഉമ്മൻ ചാണ്ടിയും, മുല്ലപ്പള്ളിയും, ചെന്നിത്തലയും.

"കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി" എന്ന മനോഭാവത്തിലേക്ക് തരംതാണിരിക്കുകയാണ് യുഡിഎഫ് നേതൃത്വം.

click me!