അങ്കമാലി: എറണാകുളം അങ്കമാലിയില്‍ അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ച നവജാത ശിശുവിന്‍റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കുഞ്ഞിന് അപസ്മാരം ഉണ്ടായിട്ടില്ല. ശരീരോഷ്‌മാവും നാഡിമിടിപ്പും സാധാരണഗതിയിലാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ കുഞ്ഞ് മുലപ്പാല്‍ കുടിക്കുന്നതായും ദഹനപ്രക്രിയ നടക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. 

കുട്ടിക്ക് നല്‍കുന്ന ഓക്സിജന്‍റെ അളവ് കുറച്ച് കൊണ്ടുവരുകയാണെന്നും കോലഞ്ചേരി എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രണ്ടുമാസം പ്രായമുള്ള കുട്ടിക്ക് മുലപ്പാല്‍ കുടിക്കാൻ സാധിക്കുന്നുണ്ട്. കൈകാലുകള്‍ അനക്കുന്നതും കരയുന്നതും നല്ല സൂചനയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ശസ്ത്രക്രിയ സമയത്ത് ഇട്ടിരുന്ന സര്‍ജിക്കല്‍ ഡ്രെയ്ൻ മാറ്റാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് പെൺകുഞ്ഞിനെ അച്ഛൻ കട്ടിലിലേക്ക് എറിഞ്ഞ് പരുക്കേല്‍പ്പിച്ചത്.