
തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്‍റെ മരുമകൾ പ്രിയങ്കയുടെ മരണത്തിൽ വനിതാകമ്മീഷൻ സ്വമേധയാ കേസെടുത്തു. രണ്ടാഴ്ച്ചയ്ക്കം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ എസ്പിക്ക് കമ്മീഷൻ നിർദ്ദേശം നൽകി. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രിയങ്കയുടെ കുടുംബം. പ്രിയങ്കയുടെ മൃതദേഹം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊവിഡ് പൊസിറ്റീവാണ്. നാളെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രിയങ്കയെ വെമ്പായത്തെ വീടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് തലേദിവസം ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ പ്രിയങ്ക വട്ടപ്പാറ പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധനത്തിന്റെ പേരിൽ പ്രിയങ്കയ്ക്ക് ഭർത്തൃവീട്ടിൽ നിരന്തര പീഡനമേൽക്കേണ്ടി വന്നെന്നും കുടുംബം ആരോപിച്ചിരുന്നു. മരണദിവസം പ്രിയങ്കയ്ക്ക് ഒരു ഫോൺകോൾ വന്നെന്നും ഇതിനുശേഷമാണ് പ്രിയങ്ക മുറിയിൽ കയറി വാതിലടച്ചതെന്നും കുടുംബം പറയുന്നു. അതേസമയം ആരോപണങ്ങളോട് ഉണ്ണി രാജൻ പി ദേവോ കുടുംബമോ പ്രതികരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയെന്നും വട്ടപ്പാറ പൊലിസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam