
മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദശി ജസീൽ ആണ് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഫ്ലാറ്റിൽനിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്ലാറ്റിന് പുറത്ത് കുട്ടി തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ ഓടിയെത്തിയ ജസീൽ താഴേക്ക് വഴുതിവീണ കുട്ടിയെ പിടിക്കുകയായിരുന്നു. താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്ലാറ്റിനപ്പുറത്തായിരുന്നു സംഭവമെന്ന് ജസീൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ജോലിക്ക് പോകാനായി വസ്ത്രം മാറുന്നതിനിടെ ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് കെട്ടിടത്തിൽ തൂങ്ങിപ്പിടിച്ച നിലയിൽ കുഞ്ഞിനെ കണ്ടതെന്ന് ജസീൻ പറഞ്ഞു. പിന്നെ ഒന്നും നോക്കിയല്ല. അങ്ങോട്ട് ഓടി. അവിടെ എത്തിയപ്പോൾ ഒരു പൊലീസുകാരനും കൂടെ വന്നുവെന്ന് ജസീൽ പറഞ്ഞു.
രണ്ടാംനിലയിലായിരുന്നു കുട്ടി തൂങ്ങിപ്പിടിച്ചു നിന്നത്. കടുത്ത ചൂട് കാരണം പൊലീസുകാരന് കുഞ്ഞിനെ പിടിക്കാൻ കഴിയാതെ വന്നു. ഇതിനിടെ, കുട്ടി വഴുതി താഴേക്ക് വീഴുകയും താൻ പിടിക്കുകയുമായിരുന്നു, പിടിച്ചില്ലായിരുന്നെങ്കിൽ കുഞ്ഞ് പുറത്തേക്ക് വീണുപോയേനെ. ദൈവം സഹായിച്ചു മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെന്നും ജസീൽ വ്യക്തമാക്കി.
ഒരാൾക്ക് നിൽക്കാൻ പറ്റുന്ന സ്ഥലം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞിന് മൂന്നു വയസ്സോളം പ്രായം കാണും. ചൂട് കാലം കാരണം ജനൽ തുറന്നിട്ടപ്പോഴാകാം കുട്ടി പുറത്തേക്ക് പോയത്. കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. കുട്ടിയെ അവരുടെ കൈയിൽ കൊടുത്ത ശേഷം വേഗംതന്നെ മടങ്ങിപ്പോന്നുവെന്നും ജസീൽ കൂട്ടിച്ചേർത്തു. കുട്ടിയെ രക്ഷപ്പെടുത്താനായി ഷർട്ട് പോലും ഇടാതെ ജസീൽ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നതും താഴേക്ക് വീണ കുട്ടിയെ പിടിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ജസീലിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam