സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിച്ചതിൽ എക്സൈസ് കമ്മീഷണർ സാംബശിവ റാവു വിശദീകരണം നൽകി. മന്ത്രി അറിയാതെ നെടുമ്പാശേരി വിമാനത്താവളത്തിലെ ലോഞ്ചിൽ ലൈസൻസ് നൽകിയെന്നതാണ് വിവാദത്തിന് കാരണം.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച സംഭവത്തിൽ വിശദീകരണം നൽകി എക്സൈസ് കമ്മീഷണർ സാംബശിവ റാവു. ജൂൺമാസത്തിൽ അനുവദിച്ച ലൈസൻസുകൾ പൊതുജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന ബാറുകൾക്കല്ലെന്നും സർക്കാർ സ്ഥാപനമായ സിയാലിൻ്റെ അപേക്ഷ പ്രകാരമാണ് ലോഞ്ചിൽ ലൈസൻസ് നൽകിയതെന്നും സാംബശിവറാവു പറഞ്ഞു. മറ്റൊരു ബാർ ലൈസൻസ് അപേക്ഷ ജൂൺമാസത്തിൽ സർക്കാരിന് കൈമാറി. ഓഗസ്റ്റ് മാസത്തിലെ സർക്കാർ മറുപടിക്കു ശേഷം ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കി.

ബാർ ലൈസൻസ് പുതുക്കലിന് പിന്നാലെ യുഡിഎഫ് സർക്കാർ പുതിയ ബാർ ലൈസൻസ് അനുവദിച്ച വിവരങ്ങളും പുറത്ത് വന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിൽ ട്രാവൽ ഫുഡ് സർവീസസ് ലിമിറ്റഡ് കമ്പനിക്ക് ബാർ ലൈസൻസുകൾ അനുവദിച്ചതിന്റെ രേഖ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വിമാനത്താവളത്തിലെ ലോഞ്ച് ബാറിനുള്ള എഫ് എൽ സെവൻ ലൈസൻസ് അനുവദിച്ചത് കഴിഞ്ഞ ജൂൺ 22 ന് സർക്കാർ നിർദേശം മറികടന്നാണ് നൽകിയത്. മന്ത്രി അറിയാതെ എക്സൈസ് കമ്മീഷണർ ആണ് ഉത്തരവിറക്കിയത്. ഇതോടെ എക്സൈസ് കമ്മീഷണറെ മാറ്റണമെന്ന നിലപാട് കടുപ്പിക്കുകയാണ് മന്ത്രി എം ലിജു.