മഴ കനക്കുന്നു; 'മുല്ലപ്പെരിയാറിലെ ജലം ഒഴുക്കിവിടണം'; തമിഴ്നാടിന് കത്ത് അയച്ച് കേരളം

Published : Aug 08, 2020, 02:42 PM ISTUpdated : Aug 08, 2020, 02:58 PM IST
മഴ കനക്കുന്നു; 'മുല്ലപ്പെരിയാറിലെ ജലം ഒഴുക്കിവിടണം'; തമിഴ്നാടിന് കത്ത് അയച്ച് കേരളം

Synopsis

ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ റിസർവോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്

തിരുവനന്തപുരം: ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ  മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവന്ന് ഒഴുക്കിവിടണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്  ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ ഷൺമുഖന് കത്തയച്ചു. ഷട്ടറുകൾ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് വിവരം അറിയിക്കണമെന്നാണ് കേരളത്തിന്‍റെ അഭ്യര്‍ത്ഥന.

ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ റിസർവോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഓഗസ്റ്റ് മൂന്നിന് 116.20 അടി ഉണ്ടായിരുന്ന ജലനിരപ്പ് ഏഴാം തിയതി ഉച്ചക്ക് രണ്ട് മണി ആയപ്പോഴേക്കും 131.25 അടി ആയി ഉയർന്നു. വരുന്ന രണ്ടു ദിവസങ്ങൾ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. 

നിലവിൽ റിസർവോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്‍റെ അളവ് 13,257  ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ് 1,650  ക്യൂസെക്സും ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി മീ-ഉം 157.2 മി മീ-ഉം മഴയാണ്.  ഈ സമയത്തിനുള്ളിൽ ഏഴ് അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത. കട്ടപ്പന എം ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ  നൽകിയ വിവരം പ്രകാരം തമിഴ്നാടിന്‍റെ ഭാഗമായ പെരിയാർ ഡാമിന്‍റെ സർപ്ളസ് ഷട്ടറുകൾ 1,22,000  ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്. 

ചാലക്കുടി ബേസിനിൽ വെള്ളത്തിന്‍റെ അളവ് കൂടിയതിനാൽ പെരിങ്ങൽകുത്ത് റിസർവോയറിലെ ഷട്ടറുകൾ തുറന്നതായും അറിയുന്നു. അതിനാൽ പിഎ പി സിസ്റ്റത്തിലെ അണക്കെട്ടുകൾ തുറക്കുന്ന സന്ദർഭത്തിൽ കേരളത്തിലെ എഞ്ചിനീയർമാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചർച്ച ചെയ്യുകയും വേണമെന്ന്  ചീഫ് സെക്രട്ടറി ഡോ വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് അയച്ച കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി