'ലോക്കറിലെ പണം ലൈഫ് മിഷൻ വഴി കിട്ടിയ കൈക്കൂലി'യെന്ന് സ്വപ്ന, സർക്കാർ കുരുക്കിൽ

By Web TeamFirst Published Aug 8, 2020, 2:31 PM IST
Highlights

ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് മാത്രം ഒരു കോടി രൂപയാണ് കൈക്കൂലി ഇനത്തിൽ കിട്ടിയത്. കോൺസുലേറ്റിലെ വിസ- സ്റ്റാമ്പിങ് നടപടികൾക്കായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ  ചുമതലപ്പെടുത്തിയതിനാണ് 50 ലക്ഷം വേറെ ലഭിച്ചത്.

കൊച്ചി: സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി അൻപത്തിനാല് ലക്ഷം രൂപ സംസ്ഥാന സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ നിന്നടക്കം കമ്മീഷനായി കിട്ടിയതെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. ലൈഫ് മിഷൻ പദ്ധതിയിൽ നിന്ന് മാത്രം ഒരു കോടി രൂപയാണ് കൈക്കൂലി ഇനത്തിൽ കിട്ടിയത്. കോൺസുലേറ്റിലെ വിസ- സ്റ്റാമ്പിംഗ് നടപടികൾക്കായി മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളെ  ചുമതലപ്പെടുത്തിയതിനാണ് 50 ലക്ഷം വേറെ ലഭിച്ചത്.

സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനേയും കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കണ്ടെത്തിയ കൈക്കൂലിപ്പണം. സർക്കാരിന്‍റെ  ലൈഫ് മിഷൻ പദ്ധതി വഴി പാവപ്പെട്ടവർക്കായി ഫ്ലാറ്റുകൾ നി‍‍ർമിക്കുന്നതിന് സ്വകാര്യ കമ്പനിക്ക് കരാ‍ർ നൽകിയതിനാണ് സ്വപ്നയ്ക്ക് ഒരു കോടി രൂപ കിട്ടിയത്. യൂണിടാക് എന്ന സ്ഥാപനമാണ് പണം നൽകിയതെന്നും കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴിയിലുണ്ട്. യുഎഇയിലെ സന്നദ്ധ സംഘടനയായ എമിറേറ്റ്സ് റെഡ് ക്രസന്‍റ് പ്രളയ പുനർനിർമാണത്തിന്‍റെ ഭാഗമായിട്ടാണ് കേരളത്തിന് ഒരു കോടി ദിർഹം സഹായധനം പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാരുമായി ചേർന്ന് യുഎഇ കോൺസുലേറ്റാണ് നടപടികൾ ഏകോപിപ്പിച്ചത്. 

യുഎഇ കോൺസുൽ ജനറലിന്‍റെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം തലസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ചീഫ് സെക്രട്ടറി ധാരണാപത്രം ഒപ്പിട്ടത്. ഇതിൽ സ്വപ്ന ഇടപെട്ടാണ് യൂണിടെക് കമ്പനിക്ക് നിർമാണ കരാർ നൽകിയത്. ഇതിനുളള പാരിതോഷികമായിട്ടാണ് ഒരു കോടി ലഭിച്ചത്. എന്നാൽ പണം കിട്ടിയിത് കോൺസൽ ജനറലിനാണെന്നാണ് സ്വപ്നയുടെ മൊഴി. വീടില്ലാത്ത തനിക്ക് വീടുവയ്ക്കാൻ കോൺസൽ ജനറൽ ഒരു കോടി രൂപ തന്നു. രണ്ട് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ നിന്നാണ് കമ്മീഷൻ ഇനത്തിൽ ശേഷിക്കുന്ന 50 ലക്ഷം കിട്ടിയതതെന്നാണ് സ്വപ്നയുടെ മൊഴി. 

വിസ് സ്റ്റാമ്പിങ് അടക്കമുളള നടപടികൾക്ക് കോൺസുലേറ്റിൽ ഇന്ത്യൻ കറൻസി സ്വീകരിക്കില്ല. വിവിധ ആവശ്യങ്ങൾക്കായി കോൺസുലേറ്റിൽ എത്തുന്ന ഉദ്യോഗാർഥികൾക്ക് കറൻസി കൈമാറ്റത്തിനായി രണ്ട് മണി എക്സ്ചേഞ്ച് കരാ‍‌ർ നൽകിയിരുന്നു. 25 ലക്ഷം വീതം അവരിൽനിന്ന് കമ്മീഷൻ കിട്ടിയെന്നാണ് മൊഴി. ഇക്കാര്യങ്ങളൊക്കെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന്‍റെ അറിവോടെയായിരുന്നോ എന്നും പുരിശോധിക്കുന്നുണ്ട്. മിക്കവാറും അടുത്തയാഴ്ചതന്നെ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യും. 

click me!