ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി

By Web TeamFirst Published Apr 2, 2021, 3:56 PM IST
Highlights

ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ടാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം

ഭീം ആർമിയുടെ ദേശീയ ഉപാധ്യക്ഷയായി മലയാളി യുവതി. കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ ഹിന്ദി ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥിനി പി ആര്‍ അനുരാജിയാണ് ഭീം ആര്‍മിയുടെ പുതിയ ഉപാധ്യക്ഷ. ഭീം ആര്‍മിയുടെ കേരള ഘടകത്തിലെ സജീവ പ്രവര്‍ത്തകയായ അനുരാജി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലും സജീവ പ്രവര്‍ത്തകയാണ്. ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015ലാണ് ആസാദ് ഭീം ആര്‍മി രൂപീകരിക്കുന്നത്. ഡോ.ബി.ആര്‍.അംബേദ്കറുടെയും ബിഎസ്പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെയും ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു പ്രചോദനം. വര്‍ഷങ്ങള്‍ക്കിപ്പുറം ദളിത് മേഖലയിലെ കരുത്തുറ്റ ശക്തിയായി മാറിക്കഴിഞ്ഞു ചന്ദ്രശേഖര്‍ ആസാദും ഭീം ആര്‍മിയും.

കോളേജില്‍ കുടിവെള്ളത്തിനും വൃത്തിയുള്ള ബെഞ്ചുകള്‍ക്കും വേണ്ടി ദളിത് യുവാക്കള്‍ നേരിടേണ്ടിവന്ന വിവേചനത്തിന്റെ ഫലമായി പിറവികൊണ്ട പ്രസ്ഥാനമാണ് ആസാദിന്റെ ഭീം ആര്‍മി. എഎച്ച്പി കോളേജിലെ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിവെള്ളത്തിന്റെ പേരില്‍ ദളിത് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതാണ് ഭീം ആര്‍മിയുടെ തുടക്കത്തിന് കാരണമായത്. ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ കുടിക്കുന്നതിന് മുമ്പേ വെള്ളം കുടിച്ചതിനാണ് ദളിത് വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെട്ടത്. ദളിത് വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെടുകയും ക്ലാസ് മുറിയില്‍ ഠാക്കൂര്‍ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ബെഞ്ചുകള്‍ തുടയ്ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഈ പ്രശ്‌നത്തോടെയാണ് ഭീം സേന രൂപീകരിക്കപ്പെട്ടത്. 

2017ല്‍ സഹരന്‍പൂരില്‍ ദളിതരും ഠാക്കൂര്‍മാരും തമ്മില്‍ ഏറ്റുമുട്ടിയതോടെയാണ് ഭീം ആര്‍മി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 16 മാസങ്ങള്‍ ആസാദ് ജയിലില്‍ കിടക്കേണ്ടി വന്നു. ജയില്‍വാസം ആസാദിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ദളിത് വിഭാഗങ്ങളില്‍ ആസാദ് കൂടുതല്‍ ജനകീയനായി. 

ദളിത് മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഉത്തര്‍ പ്രദേശില്‍ സജീവമായ ഭീം ആര്‍മി പൗരത്വ നിയമ ഭേഗതിക്കെതിരായ പ്രതിഷേധ പ്രക്ഷോഭങ്ങളിലും സജീവമായിരുന്നു. നേരത്തെ ബിഎസ്പി സ്ഥാപകൻ കാൻഷി റാമിന്‍റെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് നോയിഡയില്‍ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചിരുന്നു. ആസാദ് സമാജ് പാർട്ടി എന്നായിരുന്നു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ പേര്. 

click me!