വിദേശത്ത് മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ കേരളത്തിലെത്തിച്ചു

By Web TeamFirst Published Apr 2, 2020, 6:43 AM IST
Highlights

അഞ്ചു മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ ചരക്കു വിമാനങ്ങളിലാണ് എത്തിച്ചത്. വിവിധ ഗൾഫ് രാജ്യങ്ങളിലെ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണിത്. 

കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യാന്തര വിമാനങ്ങൾ നിർത്തലാക്കിയതാണ് മൃതദേഹങ്ങൾ വിദേശത്ത് കുടുങ്ങാൻ കാരണം. നെടുമ്പാശ്ശേരിയിലേക്കാണ് വിമാനം എത്തിച്ചത്.

അഞ്ചു മലയാളികൾ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ ചരക്കു വിമാനങ്ങളിലാണ് എത്തിച്ചത്. തിരുച്ചിറപ്പിള്ളി സ്വദേശി രാജൻ രാമൻ, കൊയിലാണ്ടി സ്വദേശി രഘുനാഥ്, മലപ്പുറം സ്വദേശി അബ്ദുൾ റസാഖ്, ഇരിങ്ങാലക്കുട സ്വദേശി തോമസ് വർഗീസ് , കൊല്ലം സ്വദേശി വിഷ്ണു രാജ്, ആലപ്പുഴ കരുവാറ്റ സ്വദേശി മനു എബ്രഹാം എന്നിവരുടെ മൃതദേഹമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്.

വിവിധ ഗൾഫ് രാജ്യങ്ങളിലെ ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണിത്. ഗൾഫിലേക്ക് പച്ചക്കറി കൊണ്ടുപോകുന്നതിനായി ബഹ്റൈനിൽ നിന്നുമെത്തിയ ഗൾഫ് എയർ വിമാനത്തിലാണ് രാജൻ രാമൻറെയും രഘുനാഥിൻറെയും മൃതദേഹം കൊണ്ടു വന്നത്. ദുബായിൽ നിന്നുമെത്തിയ എമിറേറ്റ്സ് വിമാനത്തിലാണ് മറ്റു മൂന്നു മൃതദേഹങ്ങൾ എത്തിച്ചത്. വിമാനത്താവളത്തിൽ വച്ച് ബന്ധുക്കൾ എറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടു പോയി. വിമാനസർവീസ് ഇല്ലാത്തതാൽ നാട്ടിലെത്തിക്കാൻ കഴിയാത്ത ചിലരുടെ മൃതദേഹങ്ങള്‍ അവിടെത്തന്നെ സംസ്കരിക്കുന്നുമുണ്ട്.

click me!