എന്ന് മടങ്ങാനാകും? പ്രത്യേക വിമാനമില്ലാത്ത ഇടങ്ങളിലെ മലയാളികൾ ദുരിതത്തിൽ

By Web TeamFirst Published May 12, 2020, 3:10 PM IST
Highlights

നോർക്കയിലെയും ഹൈ കമ്മീഷനിലെയും രജിസ്ട്രേഷനുകൾ ഇവർ പൂർത്തിയാക്കിയിരുന്നു. പക്ഷെ ഇതുവരെയും ഒരു മറുപടിയും ഇവർക്ക് കിട്ടിയിട്ടില്ല. 

തിരുവനന്തപുരം: നാട്ടിലേക്ക് എത്താൻ വഴിയിലാതെ ബംഗ്ലാദേശിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്ന് അടക്കം മലയാളികളുടെ മടങ്ങിവരവ് സാധ്യമാകുമ്പോഴും, അയൽരാജ്യത്തുള്ള ഇവർക്ക് ഇതുവരെയും നാട്ടിലേക്കുള്ള വഴി തെളിഞ്ഞിട്ടില്ല. കസാഖിസ്ഥാനിൽ കുടുങ്ങിക്കിടന്നക്കുന്ന മലയാളി വിദ്യാർത്ഥികളും അനിശ്ചിതത്വത്തിലാണ്.

ഗർഭിണികളും കുട്ടികളും അടക്കം 60 പേരാണ് ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങാനായി രജിസ്ട്രർ ചെയ്തത്. നോർക്കയിലെയും ഹൈ കമ്മീഷനിലെയും രജിസ്ട്രേഷനുകൾ ഇവർ പൂർത്തിയാക്കിയിരുന്നു. പക്ഷെ ഇതുവരെയും ഒരു മറുപടിയും ഇവർക്ക് കിട്ടിയിട്ടില്ല. ധാക്കയിൽ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാനായി ഏഴ് വിമാനങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. നാലെണ്ണം ശ്രീനഗറിലേക്കാണ്. ദില്ലിയിലേക്കും, മുംബൈയിലേക്കും, ചെന്നൈയിലേക്കുമാണ് മറ്റ് മൂന്ന് വിമാനങ്ങൾ. ഈ വിമാനങ്ങളിലേക്ക് ഒന്നും മലയാളികളെ പരിഗണിക്കുന്നുമില്ല. അതിനാൽ തന്നെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട പലരും എന്ന് മടങ്ങാനാകുമെന്ന് അറിയാത്ത അവസ്ഥയിലാണ്.

ചെന്നെയിലേക്കുള്ള വിമാനത്തിലെങ്കിലും മലയാളികളെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. ചെന്നൈ വിമാനം കൊച്ചിയിലേക്ക് നീട്ടിയാൽ പലർക്കും നാട്ടിലെത്താം. കസാക്കിസ്ഥാനിലെ നാഷണൽ മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥികളായ 40 മലയാളികളാണ് കുടുക്കിടക്കുന്നത്. കസാക്കിസ്ഥാനിൽ അതിവേഗം രോഗം വ്യാപിക്കുമ്പോഴും മടങ്ങാൻ വഴിയിലാതെ വിദ്യാർത്ഥികൾ ആശങ്കയിലാണ്.

ഇതുപോലെ പല രാജ്യങ്ങളിലെ മലയാളികളുടെ മടക്കവും അനിശ്ചിതത്വത്തിലാണ്. അമേരിക്കയിൽ നിന്നും ബ്രിട്ടനിലും നിന്നും പ്രവാസികളെ മടക്കികൊണ്ടുവരാനായി വിമാനം ഉണ്ടെങ്കിലും കേരളത്തിലേക്ക് ഒന്നും നിശ്ചയിച്ചിട്ടില്ല.

Read Also: കസഖിസ്ഥാനിൽ കുടുങ്ങി 40 മലയാളി മെഡിക്കൽ വിദ്യാര്‍ത്ഥികള്‍...

 

click me!