
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദം സൃഷ്ടിച്ച, കോട്ടയത്തെ കെവിൻ ദുരഭിമാന കൊലക്കേസിൽ സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ സര്‍വ്വീസിൽ തിരിച്ചെടുത്തു. സംസ്ഥാന പൊലീസ് മേധാവിയാണ് ഷിബുവിനെ സര്‍വ്വീസിൽ തിരിച്ചെടുത്തത്. ഇയാളെ നേരത്തെ സര്‍വ്വീസിലെടുക്കാൻ ഐജി ഉത്തരവിട്ടിരുന്നെങ്കിലും മുഖ്യമന്ത്രി ഉത്തരവ് മരവിപ്പിച്ചിരുന്നു.
കെവിൻ ദുരഭിമാന കൊലക്കേസിൽ ഷിബുവിനെതിരെ കോടതിവിധിയിൽ പരാമര്‍ശങ്ങളില്ലെന്നാണ് പുതിയ വാദം. ഇത് ചൂണ്ടിക്കാട്ടി ഷിബു സമര്‍പ്പിച്ച അപേക്ഷയിലാണ് ഇയാളെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. അതേസമയം ഷിബുവിനെ ക്രമസമാധാന ചുമതലയിൽ നിയമിക്കരുതെന്ന പ്രത്യേക നിബന്ധനയും ഡിജിപിയുടെ ഉത്തരവിലുണ്ട്.
ഷിബുവിനെ പിരിച്ചുവിടാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എറണാകുളം റെയ്ഞ്ച് ഐജിയാണ് ഷിബുവിനെ നേരത്തെ സര്‍വ്വീസിൽ തിരിച്ചെടുത്തത്. എന്നാൽ ഈ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.
ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഐജിയുടെ തീരുമാനം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്‍റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. നടപടി വിവാദമായത്തോടെ, എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു.
കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നാണ് കെവിന്റെ കുടുംബം ആരോപിച്ചത്. പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ ജോസഫ് പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam