
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെ പ്രവർത്തനം നാളെ മുതൽ കടുത്ത പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഓ.പി ബഹിഷ്കരണ സമരത്തിനൊപ്പം നാളെ മുതൽ മെഡിക്കൽ കോളെജ് ഡോക്ടർമാർ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും. ഇതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും. അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു, ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളകുടിശ്ശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാളെ കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും. ഒപി ബഹിഷ്കരണ സമരം ഇന്ന് മൂന്നാം ദിനമാണ്. പിജി, റസിഡന്റ് ഡോക്ടർമാരെ വിന്യസിച്ചാണ് നിലവിൽ ഒപികൾ പ്രവർത്തിക്കുന്നത്. സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആവശ്യം കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam