കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിൽ ഇന്ന് നി‌ർണായക ചർച്ച. പ്രശ്ന പരിഹാരത്തിനായി തൊഴിൽ മന്ത്രിയും കമ്പനി പ്രതിനിധികളും പങ്കെടുത്ത് യോഗം. അനുകൂല തീരുമാനം പ്രതീക്ഷിച്ച് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ മറ്റ് ഓഫീസുകളിൽ വിന്യസിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കൊച്ചി: കൂട്ടപിരിച്ചുവിടൽ നടത്തിയ കോറോ ഹെൽത്ത് കമ്പനിയുമായി ഇന്ന് നി‌ർണായക ചർച്ച. പ്രശ്ന പരിഹാരത്തിനായി എറണാകുളം കളക്ട്രേറ്റിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും കമ്പനി പ്രതിനിധികളും പങ്കെടുത്താണ് യോഗം. ഹൈക്കോടതിയിൽ ഉറപ്പ് നൽകിയതിനാൽ കമ്പനി അധികൃതർ ചർച്ചയിൽ നിന്ന് പിന്മാറാൻ സാധ്യതയില്ല. ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പിരിച്ചുവിടപ്പെട്ട തൊഴിലാളികൾ. ജോലി നഷ്ടമായവരെ കമ്പനിയുടെ മറ്റ് ഓഫീസുകളിൽ വിന്യസിച്ച് പ്രശ്നം പരിഹരിക്കണമെന്നും ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോറോ കമ്പനിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ വകുപ്പ് ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച കോറോ കമ്പനിക്ക് തിരിച്ചടി. ഇടപെടൽ സമവായ ശ്രമത്തിന്റെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുക്കണമെന്നും കമ്പനിയോട് കോടതി നിർദ്ദേശിച്ചു. ജീവനക്കാരെ തെരുവിൽ നിർത്തി ചർച്ചയാകാം എന്ന നിലപാടുമായാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. പുതിയ ലേബർ കോഡ് അനുസരിച്ച് മന്ത്രി തല ചർച്ചവരെ പിരിച്ചുവിടൽ മരവിപ്പിക്കാൻ തൊഴിൽ വകുപ്പിന് അവകാശമില്ലെന്നായിരുന്നു കമ്പനി വാദം. എന്നാൽ തൊഴിൽ വകുപ്പിന്റെ നീക്കം സമവായ ശ്രമങ്ങളുടെ ഭാഗമാണെന്നും, 800 പേർക്ക് ജോലി നഷ്ടമാകുന്നതിൽ ഇടപെടാൻ സർക്കാരിന് ധാർമിക ഉത്തരവാദിത്തം ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ വരുന്ന പത്താം തീയതിയിലെ ചർച്ചയിൽ പങ്കെടുക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിച്ചു. ഇതോടെ ചർച്ചയ്ക്ക് വരുമോ എന്ന് ഉറപ്പില്ലാതിരുന്ന കമ്പനി അധികൃതർ കോടതിയിൽ പോയതോടെ ചർച്ചയ്ക്ക് എത്തുമെന്നതിൽ തീരുമാനമായി. പുതിയ ലേബർ കോഡിലെ വ്യവസ്ഥകൾ അനുസരിച്ച് സമമായ ശ്രമങ്ങൾ നടത്താനാണ് കോടതി നിർദ്ദേശം.