Latest Videos

കുഴിനഖം പരിശോധിക്കാന്‍ വീട്ടിലേക്ക് വിളിപ്പിച്ചു,തിരുവനന്തപുരം കലക്ടർക്കെതിരെ ആരോപണവുമായി ഡോക്ടർമാരുടെ സംഘടന

By Web TeamFirst Published May 9, 2024, 12:58 PM IST
Highlights

ജില്ലാ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് വിളിപ്പിച്ചത്.കലക്ടറുടെ നടപടി അധികാര ദുർവിനിയോ​ഗമെന്ന് കെജിഎംഒ

തിരുവനന്തപുരം: കുഴിനഖം പരിശോധിക്കാന്‍ സര്‍ക്കാര്‍ ഡോക്ടറെ, കലക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതായി ആരോപണം.തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിയെ കെജിഎംഓഎ ആണ് ആരോപണം ഉന്നയിച്ചത്. ജില്ലാ ആശുപത്രിയിലെ ഒപിയില്‍ ഇരുനൂറ്റി അമ്പതിലേറെ പേര്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു കലക്ടറുടെ അധികാര ദുര്‍വിനിയോഗമെന്നാണ് ആക്ഷേപം.

കലക്ടറുടെ ആവശ്യപ്രകാരം പിഎ, നേരിട്ട് വിളിച്ചത് ജില്ലാ മെഡിക്കല്‍ ഓഫിസറെ. ഔദ്യോഗിക യോഗത്തിനിടെ പത്തുതവണ ഫോണ്‍ വന്നതോടെ ഡിഎംഒ തിരിച്ചുവിളിച്ചു. കുഴിനഖം പരിശോധിക്കാനായി അടിയന്തിരമായി കലക്ടറുടെ വസതിയിലേക്ക് ഒരു ഡോക്ടറെ അയക്കണമെന്നായിരുന്നു ആവശ്യം. ഡിഎംഓ ജില്ലാ ജനറല്‍ ആശുപത്രിയിലെ സൂപ്രണ്ടിനെ വിളിച്ചു. അസിസ്റ്റന്‍റ് സര്‍ജന്‍ ഉണ്ണികൃഷ്ണനെ സൂപ്രണ്ട് നിയോഗിച്ചു. ഇരുനൂറ്റി അമ്പതിലേറെ രോഗികള്‍ ഒപിയില്‍ കാത്തുനില്‍ക്കുകയാണെന്ന് ഡോക്ടറുടെ മറുപടി. മുകളില്‍ നിന്നുള്ള അറിയിപ്പാണെന്ന് സൂപ്രണ്ട്. ഒടുവില്‍ ഡോക്ടര്‍ കലക്ടറുടെ വസതിയില്‍ എത്തി.അരമണിക്കൂര്‍ കാത്തുനിന്നശേഷമാണ് പരിശോധനയ്ക്ക് ജെറോമിക് ജോര്‍ജ് ക്യാബിനിലേക്ക് വിളിപ്പിച്ചത്. ഇത് അധികാര ദുര്‍വിനിയോഗമാണെന്ന് ഡോക്ടര്‍മാരുടെ സംഘടന ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കെജിഎംഒയുടെ ആരോപണത്തെക്കുറിച്ച്  പ്രതികരിക്കാന്‍ തിരുവനന്തപുരം കലക്ടര്‍ ജെറോമിക് ജോര്‍ജ് തയ്യാറായില്ല.

click me!