നവംബർ 1 മുതൽ ജീവൻ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടർമാരുടെ സംഘടന; 'രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കും'

Published : Oct 31, 2025, 09:53 PM IST
KGMOA

Synopsis

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ജീവൻ രക്ഷാ സമരം ആരംഭിക്കുന്നു. ആശുപത്രികളിൽ സുരക്ഷ ഉറപ്പാക്കുക, സിസിടിവി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ ജി എം ഒ എ നവംബർ ഒന്നു മുതൽ ജീവൻ രക്ഷാ സമരം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ നാളെ മുതൽ സംസ്ഥാനവ്യാപകമായി രോഗീപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിന്നുകൊണ്ട് നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് കെ ജി എം ഒഎ അറിയിച്ചു.

തുടർച്ചയായി നൽകപ്പെട്ട ഉറപ്പുകൾ അവഗണിച്ചു കൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണ്. നിരന്തരമായി ഉണ്ടാകുന്ന ആശുപത്രി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ല. ഡോ. വന്ദനാ ദാസിൻ്റെ ദാരുണമായ കൊലപാതകത്തെത്തുടർന്നുള്ള പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനങ്ങളിൽ പലതും ഇപ്പോഴും നടപ്പിലായിട്ടില്ലെന്നും കെജിഎംഒഎ.

ഈ പശ്ചാത്തലത്തിൽ പരിമിതമായ സാഹചര്യങ്ങളിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരുടെ ജീവന് സുരക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഇതിന്റെ ഭാഗമായി കെജിഎംഒഎ മുന്നോട്ടു വക്കുന്ന ഇവയാണ്..

* എല്ലാ കാഷ്വാലിറ്റികളിലും ട്രയാജ് സംവിധാനം അടിയന്തരമായി നടപ്പാക്കണം.

* കാഷ്വാലിറ്റികളിൽ ഒരു ഷിഫ്റ്റിൽ 2 CMO മാരുടെ സേവനം ഉറപ്പാക്കണം

* പ്രധാന ആശുപത്രികളുടെ സുരക്ഷാചുമതല SISF നെ ഏൽപ്പിക്കുകയും, കാഷ്വാലിറ്റിയുള്ള മറ്റെല്ലാ ആശുപത്രികളിലും പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുകയും ചെയ്യണം.

* സിസിടിവി സംവിധാനം സ്ഥാപിക്കൽ, എക്സ് സർവീസ് സുരക്ഷാ ജീവനക്കാരുടെ നിയമനം എന്നിവയ്ക്കായുള്ള ഫണ്ടുകൾ സമയബന്ധിതമായി ലഭ്യമാക്കണം.

* ഓരോ കേഡറിലും രോഗി - ഡോക്ടർ അനുപാതം കൃത്യമായി നിർവചിക്കണം

ഇതോടൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണമായി ഏറ്റെടുക്കണമെന്നും ആവശ്യമുണ്ട്. മേൽ സൂചിപ്പിച്ച ആവശ്യങ്ങളിൽ സമയബന്ധിതമായി അനുകൂലതീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങളിൽ നിന്നും വിട്ടു നിന്നു കൊണ്ട് ശക്തമായ പ്രക്ഷോഭത്തിലേക്ക് സംഘടന നീങ്ങുമെന്നും കെജിഎംഒഎ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ
'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി